വന്യമൃഗശല്യത്തിന് ശാസ്ത്രീയമായി ശാശ്വതപരിഹാരം കാണണം: ജനതാദൾ-എസ്
1513775
Thursday, February 13, 2025 7:51 AM IST
കൽപ്പറ്റ: ജില്ലയിൽ നിരന്തരമായി നടക്കുന്ന വന്യമൃഗശല്യത്തിന് ശാസ്ത്രീയമായി ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ജനതാദൾ-എസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആഗോളതലത്തിൽ നടക്കുന്ന നിക്ഷിപ്ത താത്പര്യക്കാരുടെ ഗൂഢാലോചനയുടെ ഫലമായാണ് ഇത്തരം സംഭവങ്ങൾ നിരന്തരം ആവർത്തിക്കുന്നത്. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടിച്ച് വീണ്ടും കാട്ടിലേക്ക് അയക്കുന്നതിന് പകരം അവയെ വനം വകുപ്പ് പ്രത്യേകമായ സൗകര്യങ്ങൾ ഒരുക്കി പാർപ്പിക്കണം. അട്ടമലയിലെ ആദിവാസി യുവാവിനെ കാട്ടാന കൊലപ്പെടുത്തിയതിൽ യോഗം പ്രതിഷേധിച്ചു.
അക്രമാസക്തരായി നാട്ടിലിറങ്ങുന്ന മൃഗങ്ങളെ നാട്ടിൽ പുനരധിവസിപ്പിക്കുവാനുള്ള നടപടികൾ ഉണ്ടാകണം. വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു. മണ്ഡലം പ്രസിഡന്റ് കെ.കെ. ദാസൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. വിശ്വനാഥൻ, ജില്ലാ വൈസ് പ്രസിഡന്റ് ബി. രാധാകൃഷ്ണപിള്ള, കെ.എസ്. മോഹനൻ, സി. അയ്യപ്പൻ, സൈഫുള്ള വൈത്തിരി, കെ.എം. രാജു, എം. സുനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.