ബജറ്റ് : ഓർഡിനറി കോണ്ട്രാക്ട് കാരിയേജ് ഉടമകൾ നിരാശയിൽ
1513266
Wednesday, February 12, 2025 5:10 AM IST
കൽപ്പറ്റ: ആറ് മുതൽ 49 വരെ ഇരിപ്പിടങ്ങളുള്ള ഓർഡിനറി കോണ്ട്രാക്ട് കാരിയേജ് ഉടമകളെ സംസ്ഥാന ബജറ്റ് നിർദേശം നിരാശയിലാക്കി. വാഹനനികുതി 32 ശതമാനത്തോളം വർധിപ്പിച്ചതും നികുതി കുടിശിക ഈടാക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ദീർഘിപ്പിക്കാത്തതുമാണ് ഇതിനു കാരണം.
മോട്ടോർ വാഹന നികുതി വർധിപ്പിച്ചത് സംസ്ഥാനത്തെ ഓർഡിനറി കോണ്ട്രാക്ട് കാരിയേജ് ഉടമകളെയും തൊഴിലാളികളെയും ബാധിക്കുമെന്ന് കേരള സ്റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനിയറിംഗ് ലേബർ സെന്റർ(എച്ച്എംഎസ്) സംസ്ഥാന സെക്രട്ടറി കെ.ബി. രാജുകൃഷ്ണ പറഞ്ഞു. നികുതി നിർദേശം പുനഃപരിശോധിക്കുന്നതിന് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി അദ്ദേഹം വ്യക്തമാക്കി.
49 വരെ സീറ്റുള്ള കോണ്ട്രാക്ട് കാരിയേജ് ഉടമകളിൽ പലരും അതേ വാഹനങ്ങളിലെ തൊഴിലാളികളാണ്. മുന്പില്ലാത്ത വിധത്തിലാണ് ഇത്തരം വാഹനങ്ങൾക്ക് നികുതി 32 ശതമാനത്തോളം കൂട്ടിയത്. സംസ്ഥാനത്ത് ആറ് മുതൽ 19 വരെ സീറ്റുള്ള വാഹനങ്ങളെ ഒരു സ്ലാബായും 20 മുതൽ 54 വരെ സീറ്റുള്ള കോണ്ട്രാക്ട് കാരിയേജുകളെ മറ്റൊരു സ്ലാബായുമാണ് കണക്കാക്കിയിരുന്നത്. ഇതിൽത്തന്നെ ഓർഡിനറി, പുഷ്ബാക്ക്, സ്ലീപ്പർ എന്നിങ്ങനെ മൂന്നു തരത്തിലാണ് നികുതി ഈടാക്കിയിരുന്നത്. ഓർഡിനറി കോണ്ടാക്ട് കാരിയേജുകൾക്കായിരുന്നു ഏറ്റവും കുറവ് നികുതി.
സംസ്ഥാനത്ത് കോണ്ട്രാക്ട് കാരിയേജ് വാഹനങ്ങളിൽ 90 ശതമാനത്തിലധികവും ഓർഡിനറി വിഭാഗത്തിൽ രജിസ്റ്റർ ചെയ്തതാണ്. പുഷ്ബാക്ക്, സ്ലീപ്പർ വാഹനങ്ങളിൽനിന്നു കൂടിയ നികുതിയാണ് ഈടാക്കിയിരുന്നത്. പുതിയ ബജറ്റിൽ മൂന്ന് വിഭാഗം കോണ്ട്രാക്ട് കാരിയേജ് വിഭാഗങ്ങളും ഏകീകരിച്ച് ഒരു വിഭാഗമാക്കിയപ്പോൾ ഓർഡിനറി കോണ്ട്രാക്ട് കാരിയേജുകൾ വലിയ നിരക്കിൽ നികുതി അടയ്ക്കേണ്ട സ്ഥിതിയാണ് സംജാതമായത്.
സ്ലാബ് പരിഷ്കരണവും നികുതി പരിഷ്കരണവും ഒഴിവാക്കി പഴയ രീതിയിൽ വാഹന നികുതി അടയ്ക്കുന്നതിനു സംവിധാനം ഉണ്ടാകണമെന്നാണ് ഓർഡിനറി കോണ്ട്രാക്ട് കാരിയേജ് ഉടമകളുടെ ആവശ്യം.
കൊവിഡ് മഹാമാരിയും പ്രളയവും തകർത്ത മോട്ടോർ വ്യവസായ മേഖലയ്ക്ക് 2024ലെ ബജറ്റിൽ 10 ശതമാനം നികുതി ഇളവ് നൽകിയിരുന്നു. ഇത്തവണ അങ്ങനെ ഉണ്ടായില്ല. അനേകം വാഹന ഉടമകൾക്കു ഗുണം ചെയ്തിരുന്നതാണ് നികുതി കുടിശിക അടവിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഇത്തവണത്തെ ബജറ്റിലും ഉൾപ്പെടുത്തണമെന്ന് വിവിധ സംഘടനകൾ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഒരു വർഷത്തേക്കുകൂടി ദീർഘിപ്പിക്കണമെന്നാണ് കാരിയേജ് ഉടമകളുടെ ആവശ്യം.