ബാലകൃഷ്ണന്റെ പോസ്റ്റ്മോർട്ടം കനത്ത പോലീസ് സുരക്ഷയിൽ
1513784
Thursday, February 13, 2025 7:51 AM IST
സുൽത്താൻ ബത്തേരി: മേപ്പാടി അട്ടമലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയത് കനത്ത പോലീസ് സുരക്ഷയിൽ.
കഴിഞ്ഞദിവസം ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ഭരതന്റെ നേതൃത്വത്തിൽ നാൽപതോളം പോലീസ് അംഗങ്ങളാണ് പോസ്റ്റ്മോർട്ടം യൂണിറ്റ് പരിസരത്ത് നിലയുറപ്പിച്ചിരുന്നത്. സുൽത്താൻ ബത്തേരി തഹസിൽദാർ എം.എസ്. ശിവദാസന്റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നൂൽപ്പുഴ കാപ്പാട് മാനുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റിയപ്പോൾ ബന്ധപ്പെട്ട വകുപ്പ് അധികൃതർ എത്തിയില്ലെന്ന് പറഞ്ഞ് യുഡിഎഫ് ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു.
പിന്നീട് പോലീസ് ബലപ്രയോഗിച്ച് ഇവരെ മാറ്റിയാണ് മൃതദേഹവുമായി ആംബുലൻസ് പുറപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ കനത്ത സുരക്ഷ ഒരുക്കിയത്.