ഭിന്നശേഷിക്കാരെ സർക്കാരും സമൂഹവും ചേർത്തുപിടിക്കണം: ചന്ദ്രിക കൃഷ്ണൻ
1513270
Wednesday, February 12, 2025 5:10 AM IST
കൽപ്പറ്റ: ഭിന്നശേഷിക്കാരെ സർക്കാരും സമൂഹവും ചേർത്തുപിടിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ. ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണം എടപ്പെട്ടി പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജില്ലയിലെ ഭിന്നശേഷിക്കാരിൽനിന്നു തെരഞ്ഞെടുത്ത 73 പേർക്ക് ഹെൽപ്പിംഗ് ഹാൻഡ് ഗ്ലോബൽ ഫൗണ്ടേഷൻ, പ്രോജക്ട് വിഷൻ, സാൻതോം വയനാട് എന്നിവ സംയുക്തമായാണ് ഉപകരണങ്ങൾ ലഭ്യമാക്കിയത്. വീൽ ചെയർ, ശ്രവണ സഹായി, എയർ ബഡ്, കണ്ണടകൾ, വാക്കറുകൾ, ക്രച്ചസ് എന്നിവയാണ് വിതരണം ചെയ്തത്.
പ്രോജക്ട് വിഷൻ ഡയറക്ടർ ഫാ.ജോർജ് കണ്ണന്താനം അധ്യക്ഷത വഹിച്ചു. നാഷണൽ കോ ഓർഡിനേറ്റർ സിബു ജോർജ് പ്രസംഗിച്ചു. മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശീദേവി ബാബു, വാർഡ് അംഗം ഷീബ വേണുഗോപാൽ ഉപകരണ വിതരണം നിർവഹിച്ചു.
സാൻതോം വയനാട് മാനേജിംഗ് ട്രസ്റ്റി റവ.ഡോ.തോമസ് ജോസഫ് തേരകം സ്വാഗതവും പ്രോജക്ട് വിഷൻ പ്രതിനിധി റഷീന സുബൈർ നന്ദിയും പറഞ്ഞു. വിവിധ സംഘടനാ ഭാരവാഹികളായ ഇത്തമ്മ ജോസഫ്, സെബാസ്റ്റ്യൻ ആലപ്പാട്ട്, ജോസഫ് പുല്ലം എന്നിവർ നേതൃത്വം നൽകി.