വന്യമൃഗ ആക്രമണം: സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എകെസിസി
1513776
Thursday, February 13, 2025 7:51 AM IST
കൽപ്പറ്റ: സംസ്ഥാനത്ത് അതിരൂക്ഷമാകുന്ന വന്യമൃഗശല്യവും ആക്രമണങ്ങളും തടയുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എകെസിസി മേഖലാസമിതി ആവശ്യപ്പെട്ടു. നിയമസഭാസമ്മേളനം നടക്കുന്നതിനിടെ നിരവധി മനുഷ്യജീവനാണ് വന്യമൃഗ ആക്രമണത്തിൽ നഷ്ടമായത്.
എന്നിട്ടും ജനപ്രതിനിധികൾ വിഷയത്തിൽ കാര്യക്ഷമായി ഇടപെടുന്നില്ല. റോമാനഗരം കത്തിയെരിയുന്പോൾ വീണ വായിച്ചുരസിച്ച നീറോയുടെ പിൻമുറക്കാരായി മാറുകയാണ് ജനപ്രതിനിധികളെന്നു സംശയിക്കണം. വന്യമൃഗ പ്രതിരോധത്തിന് വനാതിർത്തികളിൽ ശാസ്ത്രീയ പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് സജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. രൂപത സെക്രട്ടറി കെ.സി. ജോണ്സണ്, മേഖല ഡയറക്ടർ ഫാ. ടോമി പുത്തൻപുരയ്ക്കൽ, അസി.ഡയറക്ടർ ഫാ. കിരണ്‍ തൊണ്ടിപ്പറന്പിൽ, വൈസ് പ്രസിഡന്റ് ഷിബിൻ കാഞ്ഞിരത്തിങ്കൽ, ട്രഷറർ ബേബി പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.