കാവുകളുടെ സംരക്ഷണത്തിന് കാവിനൊരു കാവൽ പദ്ധതി
1513058
Tuesday, February 11, 2025 5:21 AM IST
കൽപ്പറ്റ: സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ അന്യമാവുന്ന കാവുകളുടെ സംരക്ഷണം ലക്ഷ്യമാക്കി കണിയാന്പറ്റ ഗ്രാമപഞ്ചായത്തിലെ പനങ്കണ്ടി കാവിൽ നടപ്പാക്കുന്ന കാവിനൊരു കാവൽ ജൈവവൈവിധ്യ ആവാസ സംരക്ഷണ പദ്ധതി ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കാവും കുളവും സംരക്ഷിച്ച് വംശനാശ ഭീഷണി നേരിടുന്ന പക്ഷിമൃഗാദികൾ, സസ്യങ്ങൾ എന്നിവയ്ക്ക് ആവാസ വ്യവസ്ഥയൊരുക്കുകയാണ് പദ്ധതി ലക്ഷ്യം. കണിയാന്പറ്റ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഒന്‍പത്, പത്ത് വാർഡുകളിലെ രണ്ട് കാവുകളാണ് പദ്ധതിക്ക് തെരഞ്ഞെടുത്തത്. വരും വർഷങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ട് വകയിരുത്തി അതത് പഞ്ചായത്ത് പരിധിയിലെ കാവുകൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് എംഎൽഎ പറഞ്ഞു.
ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് കാവുകൾ. പഞ്ചായത്ത് ബിഎംസിയും സംസ്ഥാന ജൈവവൈവിധ്യ ബോർഡും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കണിയാന്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർഷ ചേനോത്ത് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സന്ധ്യ ലിഷു,
വാർഡ് അംഗം നജീബ് കരണി, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഓർഡിനേറ്റർ പി.ആർ. ശ്രീരാജ്, വാർഡ് വികസന സമിതി കണ്‍വീനർ ടി.ജെ. സജീവൻ, വാർഡ് പ്രതിനിധികൾ, പ്രദേശവാസികൾ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, ബിഎംസി പ്രതിനിധികൾ, ജൈവവൈവിധ്യ സംരക്ഷണം സംഘടനകൾ എന്നിവർ പങ്കെടുത്തു.