പട്ടയഭൂമി ഒഴിവാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
1513777
Thursday, February 13, 2025 7:51 AM IST
ഗൂഡല്ലൂർ: തമിഴ്നാട് സ്വകാര്യ വനസംരക്ഷണ നിയമത്തിൽ പട്ടയ ഭൂമികൾ ഉൾപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവർത്തകനായ പാട്ടവയൽ അയനിപ്പുര എ. ഷണ്മുഖം സമർപ്പിച്ച ഹർജി ചെന്നൈ ഹൈക്കോടതി തളളി.
ഇതോടെ ഗൂഡല്ലൂർ-പന്തല്ലൂർ താലൂക്കുകളിലെ ആയിരക്കണക്കിന് കർഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. തമിഴ്നാട് സ്വകാര്യ വനസംരക്ഷണ നിയമത്തിൽ നിന്ന് തന്റെ മൂന്ന് ഏക്കർ ഭൂമി ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് ഷണ്മുഖം ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസിൽ ജില്ലാ കമ്മിറ്റിയും കളക്ടറും നൽകിയ സ്റ്റാറ്റസ് റിപോർട്ട് അനധികൃതമായി സന്പാദിച്ചതാണെന്നു കാണിച്ചാണ് ജസ്റ്റീസ് സി.വി. കാർത്തികേയൻ കേസ് തള്ളിയത്.
അഞ്ച് ഏക്കറിന് മുകളിലുള്ള പട്ടയ ഭൂമി മാത്രമാണ് ടിഎൻപിപിഎഫ് നിയമത്തിൽ വരുന്നുള്ളു എന്നും അഞ്ച് ഏക്കറിന് താഴെയുള്ള ഭൂമികൾ ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും അതിനാൽ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ഗൂഡല്ലൂർ-പന്തല്ലൂർ താലൂക്കുകളിലെ 70 ശതമാനം വരുന്ന പട്ടയഭൂമികളും ടിഎൻപിപിഎഫ് നിയമത്തിന്റെ പരിധിയിലാണ്. സ്വകാര്യ വനനിയമത്തിൽ വരുന്ന ഭൂമികൾ ക്രയവിക്രയം നടത്താൻ കഴിയില്ല. മക്കൾക്ക് ദാനം നൽകാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. വിധി കർഷകർക്ക് അനുകൂലമായി വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.