ആകാശ കൗതുകങ്ങൾ: കുട്ടികൾ ടെലസ്കോപ്പുകൾ നിർമിച്ചു
1513053
Tuesday, February 11, 2025 5:20 AM IST
മീനങ്ങാടി: സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് സെന്ററിൽ ആകാശ കൗതുകങ്ങൾ ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾ സ്വന്തമായി ടെലസ്കോപ്പുകൾ നിർമിച്ച് നിരീക്ഷിച്ചു.
ആകാശത്ത് സന്ധ്യ സമയത്ത് എല്ലാ ഗ്രഹങ്ങളും അണിനിരക്കുന്ന പ്ളാനറ്ററി പരേഡ് നടക്കുക്കുന്ന സാഹചര്യത്തിലാണ് വിജ്ഞാന കൗതുകം എട്ടാം എപ്പിസോഡിന് ആകാശ കൗതുകങ്ങൾ എന്ന വിഷയം തെരഞ്ഞെടുത്തത്. മുംബൈ ഐഐടി റിട്ട.പ്രഫ. കെ. സുധാകറിന്റെയും റിട്ട. പ്രഫ. ലളിതയുടേയും സാന്നിധ്യത്തിൽ കുട്ടികൾ നിഴൽ യന്ത്രം സ്ഥാപിച്ചുകൊണ്ടാണ് ശില്പശാല ആരംഭിച്ചത്.
തുടർന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. പിൻ ഹോൾ പ്രോജക്ട്, മാജിക് കണ്ണാടി നിർമാണം, സൂര്യ ദർശിനി ഉപയോഗിച്ച് ക്ലാസ് മുറിയിൽ സൂര്യനെ എത്തിച്ച് സൂര്യഗ്രഹണം പ്രദർശിപ്പിക്കൽ, ആംഗിൾ ഡാങ്കിൾ മീറ്റർ ഉപയോഗിച്ച് ആകാശത്തിന്റെ കോണളവ് നിർണയിക്കൽ, സ്റ്റെല്ലേരിയം ഉപയോഗിച്ച് ആകാശം പരിചയപ്പെടൽ തുടങ്ങിയവയും നടന്നു. സ്കൂളുകളിൽ വലിയ ടെലസ്കോപ്പ് ഉപയോഗിച്ച് ആകാശ നിരീക്ഷണം നടത്താനും പദ്ധതിയുണ്ട്.
ജില്ല ടീച്ചേഴ്സ് ട്രെയിനിംഗ് റിസോഴ്സ് പേഴ്സണ്‍മാരായ ജോണ്‍ മാത്യൂ, എം.എം. ടോമി, പി.എൻ. പ്രകാശൻ, ഇ.വി. ശശിധരൻ, ബിജോ പോൾ എന്നിവരാണ് കുട്ടികളെ ഗൈഡ് ചെയ്തത്. സ്റ്റെർക്ക് ചെയർമാൻ പ്രഫ.കെ. ബാലഗോപാലൻ, സിഇഒ എം.എം. ടോമി, സ്റ്റെർക്ക് അംഗങ്ങൾ പി.കെ. രാജപ്പൻ, കെ.ആർ. സുരേഷ് എന്നിവർ നേതൃത്വം നല്കി.