ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ട് ലാപ്സാക്കിയ നടപടി പ്രതിഷേധാർഹമെന്ന്
1513054
Tuesday, February 11, 2025 5:20 AM IST
പുൽപ്പള്ളി: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്കായി തൊഴിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനായി കഴിഞ്ഞ 11 വർഷമായി ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ട് ലാപ്സാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് 19ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും.
വർഷങ്ങളായി ബജറ്റിൽ പ്രത്യേക ഫണ്ട് പ്രഖ്യാപിച്ചെങ്കിലും തൊഴിൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങുകയോ പരിശീലന കേന്ദ്രങ്ങളുള്ള സ്ഥാപനങ്ങൾക്ക് സഹായം നൽകുകയോ ചെയ്തില്ല. നിലവിലെ നിയമമനുസരിച്ച് 18 വയസിന് മുകളിൽ പ്രായമുള്ള, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർക്കായി കാര്യക്ഷമമായ പരിശീലന സൗകര്യങ്ങൾ സംസ്ഥാനത്ത് പര്യാപ്തമല്ലാത്തത് ഈ മേഖലയിൽ കടുത്ത അരക്ഷിതാവസ്ഥയാണ് സൃഷ്ടിക്കുന്നത്.
കേന്ദ്ര സർക്കാർ ഡിഡിആർഎസ് ഗ്രാന്റ് നൽകുന്ന സ്പെഷൽ സ്കൂളുകളിലെ വിദ്യാർഥികളുടെ പ്രായപരിധി 23 വയസായിരിക്കേ സംസ്ഥാന സർക്കാർ അംഗീകാരം നൽകി ഗ്രാന്റ് നൽകുന്ന സ്പെഷൽ സ്കൂളുകളിലെ വിദ്യാർഥികളുടെ പ്രായപരിധി 18 വയസായി നിജപ്പെടുത്തിയിരിക്കുന്നത്. ഇത് 23 വയസായി പുനർനിശ്ചയിക്കണം.
2018ന് ശേഷമുള്ള അപേക്ഷകൾകൂടി പരിഗണിച്ച് ആശ്വാസകിരണം കുടിശികയില്ലാതെ അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും നൽകണം. നിരാമയ ഇൻഷ്വറൻസ് പ്രീമിയം സംസ്ഥാന സർക്കാർ അടയ്ക്കാൻ തയാറാവണം. എട്ട് കുട്ടികളെങ്കിലുമുള്ള സ്പെഷൽ സ്കൂളുകൾക്ക് സർക്കാർ അംഗീകാരം നൽകണം.
ഭിന്നശേഷിക്കാർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ 2000 രൂപയായി വർധിപ്പിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇ.വി. സജി, സിസ്റ്റർ ലയ, ജോമറ്റ് കെ. ജോസ്, കെ.എസ്. സിബിച്ചൻ, ടി.യു. ഷിബു, സിസ്റ്റർ മരിയ, സിസ്റ്റർ സിൻസി, സിസ്റ്റർ ആൻസീന, ഷാഹിന അഷ്റഫ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.