ദേശീയ വികസന ഏജൻസി ഭാരത് സേവക് പുരസ്കാരം ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി
1513782
Thursday, February 13, 2025 7:51 AM IST
കൽപ്പറ്റ: ദേശീയ വികസന ഏജൻസിയായ സെൻട്രൽ ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ മികച്ച ജില്ലാപഞ്ചായത്ത് അംഗത്തിനുള്ള ഭാരത് സേവക് പുരസ്കാരം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. 1952ൽ കേന്ദ്ര സർക്കാരിന്റെ ആസൂത്രണ കമ്മിഷന്റെ കീഴിൽ സ്ഥാപിതമായ ദേശീയ വികസന ഏജൻസിയായ ഭാരത് എസ്എസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യയുടെ അംഗീകാരത്തോടെയുള്ള ഏജൻസിയാണ്.
സദ്ഭാവനാ ഭവനിൽ നടന്ന ചടങ്ങിൽ ചെയർമാൻ ബി.എസ്. ബാലചന്ദ്ര പുരസ്കാരം സമ്മാനിച്ചു. ന്യൂഡൽഹി സെൻട്രൽ സമാജ് ഡയറക്ടർ ജനറൽ മഞ്ജു ശ്രീകണ്ഠൻ, ജോയിൻ ഡയറക്ടർ സിന്ധു മധു തുടങ്ങിയവർ സംബന്ധിച്ചു.
ഭാരത സർക്കാർ നീതി ആയോഗിന്റെ ആസ്പിരേഷനൽ ഡിസ്ട്രിക്റ്റ് പ്രോഗ്രാമിൽ കേരളത്തിൽനിന്നുള്ള ഏക ആസ്പിരേഷനൽ ജില്ലയായ വയനാട് ജില്ലയിലെ ക്ഷേമകാര്യ പ്രവർത്തനങ്ങളുടെ ആസൂത്രണ നടത്തിപ്പു ചുമതലകൾ നിർവഹിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധി എന്ന നിലയിൽ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങളുടെ മികവും ഗുണനിലവാരവും വൈവിധ്യവുമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് ന്യൂഡൽഹി സെൻട്രൽ സമാജ് ജോയിൻ ഡയറക്ടർ സിന്ധു മധു പറഞ്ഞു.