ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്ന്
1493842
Thursday, January 9, 2025 5:38 AM IST
മാനന്തവാടി: നഗരസഭയിലെ ഗ്രാമീണ മേഖലകളെ ഉൾപ്പെടുത്തി പയ്യന്പള്ളി ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്ന് ആം ആദ്മി മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 20 ശതമാനം മാത്രം ടൗണ്‍ പ്രദേശം വരുന്ന നഗരസഭയിലെ 80 ശതമാനം പ്രദേശവും ഗ്രാമീണ മേഖലയാണ്. പഞ്ചായത്തുകളിൽ ഉള്ളതിനെക്കാൾ വർധിപ്പിച്ച ഭൂ നികുതി, വിട്ടു നികുതി, വീട് നിർമാണത്തിനുള്ള ലൈസൻസ് ഫീസ് വർധന തുടങ്ങിയവയെല്ലാം താങ്ങാവുന്നതിലും അധികമാണ്.
തൊഴിലുറപ്പ് പദ്ധതി നഷ്ടമായത് ഗ്രാമീണ മേഖലയിലെ ജനങ്ങൾക്കേറ്റ തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ പയ്യന്പള്ളി പഞ്ചായത്ത് രൂപീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
വയനാട് മെഡിക്കൽ കോളജിന്റെ ദുരവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണം.
ആവശ്യമായ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കണം, കാർഡിയോളജി, കാത്ത് ലാബ്, ഒപി എന്നിവ എല്ലാ ദിവസവും പ്രവർത്തിപ്പിക്കുകയും എല്ലാ രോഗികൾക്കും ചികിത്സ ലഭ്യമാക്കുകയും വേണം, ആവശ്യത്തിന് മരുന്നുകൾ നൽകണം, മെഡിക്കൽ കോളജ് പുതിയ കെട്ടിട നിർമാണത്തിലുണ്ടായ അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.