ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്താനായില്ല
1493833
Thursday, January 9, 2025 5:36 AM IST
പുൽപ്പള്ളി: അമരക്കുനിയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ആദ്യ ദിവസം ഫലമുണ്ടായില്ല.
ഇന്നലെ രാവിലെ വനപാലകർ കടുവയ്ക്കായി പ്രദേശത്തെ കൃഷിയിടങ്ങളിലും തോട്ടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ചെതലത്ത് റെയ്ഞ്ച് ഓഫീസർ എം.കെ. രാജീവ് കുമാർ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.പി. അബ്ദുൾ ഗഫൂർ എന്നിവരുടെ നേതൃത്വത്തിൽ പുല്പള്ളി, ഇരുളം ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാർ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്.
അമരക്കുനി കവല മുതൽ കന്നാരംപുഴവരെയുള്ള പ്രദേശങ്ങളിലാണ് തിരച്ചിൽ നടത്തിയത്. പ്രദേശത്ത് നിരീക്ഷണത്തിനായി 14 ക്യാമറകളും രണ്ട് ലൈഫ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്
പരിശോധനയിൽ പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെങ്കിലും വനപാലകർ സ്ഥലത്ത് ക്യാന്പ് ചെയ്ത് നിരീക്ഷണം തുടരുകയാണ്. പട്രോളിങും തുടരുന്നുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കടുവ ആടിനെ പിടികൂടിയ വീടിന് പുറകിലെ തോട്ടത്തിൽ കടുവയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിച്ചത്. കടുവ കൊന്ന ആടിന്റെ ജഡമാണ് ഇരയായി വെച്ചിട്ടുള്ളത്.
അതേസമയം കടുവ സമീപത്തെ കാട്ടിലേക്ക് കടന്നിട്ടുണ്ടോയെന്നും വനപാലകർ സംശയിക്കുന്നുണ്ട്. പ്രദേശത്ത് ജനങ്ങൾ് ആശങ്കയിലാണ്.