നൈപുണ്യവികസനത്തിൽ സൗജന്യ പരിശീലന പരിപാടികളുമായി എംഎൽഎ കെയർ
1493445
Wednesday, January 8, 2025 5:31 AM IST
കൽപ്പറ്റ: ഇന്ത്യൻ സംസ്ഥാനങ്ങളിലെ 117 ജില്ലകളാണ് ആസ്പിരേഷണൽ ഡിസ്ട്രിക്ടുകളായി നിർണയിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ ഉൾപ്പെടുന്ന കേരളത്തിൽ നിന്നുള്ള ഒരേയൊരു ജില്ലയാണ് വയനാട്. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കൃഷി, ജലസംരക്ഷണം, നൈപുണ്യവികസനം, അടിസ്ഥാന സൗകര്യം, ഫിനാൻഷ്യൽ ഇൻക്ലൂഷൻ എന്നിവ അടിസ്ഥാനമാക്കിയാണ് ആസ്പിരേഷനൽ ഡിസ്ട്രിക് കണക്കാക്കിയിരിക്കുന്നത്.
ഇതിൽ നൈപുണ്യ വികസനം (സ്കിൽ ഡെവലപ്മെന്റ്) ലക്ഷ്യമാക്കിയാണ് ഫ്രണ്ട് ഓഫീസ് അസോസിയേറ്റ് എന്ന പരിശീലന പരിപാടി കൽപ്പറ്റയിൽ സംഘടിപ്പിക്കുന്നത്.
സ്റ്റൈപെൻഡോടു കൂടിയാണ് ഈ പരിശീലന പരിപാടി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസ് (കിറ്റ്സ്) നടത്തുന്നത്. 56 ദിവസമാണ് കാലാവധി. തിയറി ക്ലാസുകൾക്കു പുറമേ ഒരുമാസം നീണ്ടുനിൽക്കുന്ന ഓണ്‍ ദ ജോബ് ട്രെയിനിംഗും ഇതിന്റെ ഭാഗമാണ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്ഥിരജോലി കണ്ടെത്താൻ വയനാട് ടൂറിസം ഓർഗനൈസേഷനും ഉറവ് ഇക്കോ ലിങ്ക്സും സഹായിക്കും.
പത്താംക്ളാസ് ആണ് ഈ പരിശീലനത്തിൽ പങ്കെടുക്കാനുള്ള യോഗ്യത. രണ്ടാഴ്ചയാണ് പരിശീലന കാലാവധി. ഇതിനു ശേഷം ഗൾഫ് ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ ജോലി സാധ്യതയും ഉറപ്പുവരുത്തും. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുള്ളവരുടെ വിസ, ടിക്കറ്റ് എന്നിവ സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്തി മാർച്ച് മാസത്തോടെ ജോലിയിൽ പ്രവേശിക്കാനുള്ള നടപടികളും കൈക്കൊള്ളും.
തൊഴില്ലില്ലായ്മയും നൈപുണ്യവികസനത്തിലെ കുറവും പരിഹരിക്കുക എന്നതാണ് ഈ പരിപാടികളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. നൈപുണ്യവികസനം, സംരംഭകത്വം എന്നീ മേഖലകളിലും വിവിധ പരിശീലനപരിപാടികൾ നടത്തുന്നുണ്ട്. ഇതിലേക്കപേക്ഷിക്കാനായി കൽപ്പറ്റ എംഎൽഎ ഓഫീസുമായി ബന്ധപ്പെടാം.
ഫോണ്‍: 82811 44112. വയനാട് ടൂറിസം ഓർഗനൈസേഷൻ, ഉറവ് ഇക്കോ ലിങ്ക്സ് എന്നിവരാണ് എംഎൽഎ കെയറിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ സൗജന്യ പരിശീലന പരിപാടിയുടെ കോർഡിനേറ്റർമാർ.