ബത്തേരി എംഎൽഎയുടെ കാര്യാലയത്തിലേക്ക് എഐവൈഎഫ് മാർച്ച് ഇന്ന്
1493451
Wednesday, January 8, 2025 5:31 AM IST
കൽപ്പറ്റ: എഐവൈഎഫ് പ്രവർത്തകർ ഇന്നു വൈകുന്നേരം നാലിന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ബത്തേരിയിലെ കാര്യാലയത്തിലേക്ക് മാർച്ച് നടത്തും.
ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ എതിരായ പരാമർശമുള്ള ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ടാണ് സമരമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ, ജില്ലാ പ്രസിഡന്റ് എം.സി. സുമേഷ്, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം വിൻസന്റ് പൂത്തോട്ട്, കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് കെ.പി. ജസ്മൽ എന്നിവർ അറിയിച്ചു.
ബത്തേരിയിൽ കോണ്ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നിയമനം വാഗ്ദാനം ചെയ്ത് പണം വാങ്ങിയത് എംഎൽഎയുടെ നിർദേശപ്രകാരമാണെന്ന് വിജയന്റെ കുറിപ്പിൽ പറയുന്നുണ്ട്. പാർട്ടി ആവശ്യത്തിന് നേതാക്കളുടെ നിർദേശപ്രകാരം വാങ്ങിയ പണത്തിന്റെ ബാധ്യത തന്റെ തലയിലായെന്നും കുറിപ്പിലുണ്ട്.
വിജയനും മകനും ആത്മഹത്യചെയ്യാനിടയായ സാഹചര്യങ്ങളിൽ സമഗ്രാന്വേഷണം ഉണ്ടാകണം. അഴിമതി വീരൻമാരിൽ ചിലർ തിരശീലയ്ക്കു പിന്നിലാണ്. ഇവരെ പുറത്തുകൊണ്ടുവരണമെന്നു എഐവൈഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.