മഹാരാഷ്ട്ര മന്ത്രിയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം: എൻ.ഡി. അപ്പച്ചൻ
1493450
Wednesday, January 8, 2025 5:31 AM IST
കൽപ്പറ്റ: വയനാട് ലോകസഭാ മണ്ഡലത്തിലെ മഹാഭൂരിപക്ഷം വോട്ടർമാരുടെയും അംഗീകാരം നേടി എംപിമാരായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ നിന്ന് ജയിച്ചത് മുസ്ലിം തീവ്രവാദികളുടെ വോട്ട് മേടിച്ച് ആണെന്നും കേരളം മിനി പാക്കിസ്ഥാൻ ആണെന്നും പറഞ്ഞ് കേരളത്തെയും വയനാട് പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങളെയും അപമാനിച്ച മഹാരാഷ്ട്ര തുറമുഖ മന്ത്രി നിതീഷ് റാണയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ആവശ്യപ്പെട്ടു.
നിതീഷ് രാവണയുടെ പ്രസ്ഥാവനയിൽ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടത്തിയ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വയനാട് മുസ്ലിം തീവ്രവാദികളുടെ നാടാണെന്ന് ആദ്യം പറഞ്ഞത് സിപിഎം പിബി അംഗം വിജയരാഘവനാണ്. അതേത്തുടർന്നാണ് ബിജെപി നേതാക്കൾ ഇത്തരത്തിലുള്ള പ്രതികരണങ്ങൾ നടത്താൻ തുടങ്ങിയത്. സിപിഎമ്മും ബിജെപിയും ഓരോ ദിവസവും കൂടുതൽ കൂടുതൽ അടുക്കുകയാണെന്നും കോണ്‍ഗ്രസിനെ എതിർക്കുന്നതിൽ അവർ ഒരു കുടക്കീഴിൽ ആണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒ.വി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു.
ടി. സിദീഖ് എംഎൽഎ, കെ.എൽ. പൗലോസ്, പി.പി. ആലി, എം.ജി. ബിജു, ഡി.പി. രാജശേഖരൻ, മോയിൻ കടവൻ, പി.കെ. അബ്ദുറഹ്മാൻ, ബിനു തോമസ്, ബി. സുരേഷ് ബാബു, പോൾസണ്‍ കൂവക്കൽ, ജിൽസണ്‍ തൂപ്പുംങ്കര തുടങ്ങിയവർ പ്രസംഗിച്ചു.