എൻ.എം. വിജയന്റെയും മകന്റെയും മരണം; കോണ്ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണം: സിപിഎം
1493303
Tuesday, January 7, 2025 7:53 AM IST
കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകൻ ജിജേഷിന്റെയും മരണത്തിന് ഉത്തരവാദികളായ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണം. ഒരുനിമിഷം ജനപ്രതിനിധിയായി തുടരാൻ അദ്ദേഹത്തിന് അർഹതയില്ല.
മരണവുമായി ബന്ധപ്പെട്ട് സിപിഎം ഉന്നയിച്ച കാര്യങ്ങളെല്ലാം നൂറ് ശതമാനം ശരിയാണെന്ന് എൻ.എം. വിജയന്റെ മരണക്കുറിപ്പ് പുറത്തുവന്നതിലൂടെ തെളിഞ്ഞു. എൻ.എം. വിജയൻ മരിച്ചതല്ല കൊന്നതാണ്. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണം.
നേതാക്കൾ തട്ടിയെടുത്ത കോഴയുടെ ബാധ്യത വിജയന്റെ തലയിൽകെട്ടിവച്ച ഞെട്ടിപ്പിക്കുന്ന വിവരമാണ് മരണക്കുറിപ്പിലുള്ളത്. ചതിച്ചുകൊല്ലുകയായിരുന്നു. ജില്ലാ കോണ്ഗ്രസ് നേതൃത്വം ക്രിമിനൽ സംഘമായി. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.