ഡിസ്ട്രിക്ട് കളക്ടേഴ്സ് ട്രോഫി ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറയ്ക്ക്
1493452
Wednesday, January 8, 2025 5:33 AM IST
കൽപ്പറ്റ: ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാന്പ്യൻസിനുള്ള ഡിസ്ട്രിക്റ്റ് കളക്ട്രേഴ്സ് ട്രോഫി പടിഞ്ഞാറത്തറ ഗവ. ഹയർസെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. മുട്ടിൽ ഡബ്ല്യുഎംഒ ഇംഗ്ലീഷ് അക്കാദമിയിൽ ജില്ലാ ഭരണകൂടം, ഗോകുലം ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഐക്യുഎ ഔദ്യോഗിക ജില്ലാ ക്വിസിംഗ് ചാന്പ്യൻഷിപ്പിലാണ് പടിഞ്ഞാറത്തറ സ്കൂളിലെ എസ്.ആർ. ഉജ്വൽ ക്യഷ്ണ, സി.എം. ജോണ് എന്നിവർ നേട്ടം കൈവരിച്ചത്. വിജയികൾക്ക് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഡിസ്ട്രിക്ട് കളക്ട്രേഴ്സ് ട്രോഫി കൈമാറി.
ജില്ലയിലെ 70 ഓളം സ്കൂളുകളിൽ നിന്നുള്ള 150 ലധികം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ മാനന്തവാടി എംജിഎംഎച്ച്എസ് സ്കൂളിലെ കെ.വി. വേദിക് വിജയ്, ആദിത്യൻ മംഗലശേരി എന്നിവർ രണ്ടാം സ്ഥാനവും തരിയോട് ജിഎച്ച്എസ്എസിലെ അർച്ചന ശ്രീജിത്ത്, എസ്.ജി .സ്നിഗ്ദ്ധ എന്നിവർ മൂന്നാം സ്ഥാനവും ഇരുളം ജിഎച്ച്എസ്എസിലെ മുഹമ്മദ് ഷാമിസ്, ആതിര സതീഷ് എന്നിവർ നാലാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലകളിലെ ചാന്പ്യൻമാർ കേരളത്തിന്റെ ഔദ്യോഗിക ക്വിസ് ചാന്പ്യൻ പദവിക്കായി മത്സരിക്കും. ലാൻസ് അക്കാദമി പ്രതിനിധി എൻ.കെ. ലിഞ്ചു മത്സരം നിയന്ത്രിച്ചു. ക്വിസ് ചാന്പ്യൻഷിപ്പ് ജില്ലാ ലോ ഓഫീസർ സി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.