എൻ.എം. വിജയന്റെ കത്ത് പുറത്ത്: പ്രതിഷേധക്കടലായി സുൽത്താൻബത്തേരി
1493304
Tuesday, January 7, 2025 7:53 AM IST
സുൽത്താൻ ബത്തേരി: ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം. വിജയൻ കെപിസിസി നേതൃത്വത്തിനും മകൻ വിജേഷിനും എഴുതിയ കത്തുകൾ പുറത്തു വന്നതിനു പുറകെയാണ് സുൽത്താൻ ബത്തേരി ടൗണ് പ്രതിഷേധക്കടലായത്. കത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ പേരടക്കമുള്ള വിവരം പുറത്തുവന്നതോടെ എംഎൽഎ രാജിവയ്ക്കണമെന്നും അദ്ദേഹത്തിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത് ഡിവൈഎഫ്ഐ ആണ്.
പ്രതിഷേധ പ്രകടനമായി ഇരുപതോളം പ്രവർത്തകർ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാൻസിന്റെ നേതൃത്വത്തിലാണ് എത്തിയത്. ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫീസിലേക്ക് പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് തള്ളിക്കയറാൻ ശ്രമിച്ചു.
ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു.
തുടർന്നാണ് സിപിഎം ബത്തേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ രാജിവയ്ക്കണമെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ടൗണിൽ പ്രതിഷേധ പ്രകടനവും എംഎൽഎയുടെ കോലം കത്തിക്കലും നടന്നത്. സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്, സുരേഷ് താളൂർ, കെ.സി. യോഹന്നാൻ, ടി.കെ. രമേശ്, കെ.വൈ. നിധിൻ, പി.കെ. അനൂപ്, എം.എസ്. വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി. ബിജെപി ബത്തേരി മണ്ഡലം കമ്മിറ്റിയും എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രകടനവുമായി എത്തി. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, എ.എസ്. കവിത, ഹരി പഴുപ്പത്തൂർ എന്നിവർ നേതൃത്വം നൽകി.
അതേസമയം എംഎൽഎക്ക് പിന്തുണ അർപ്പിച്ച് ബത്തേരി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയും ടൗണിൽ പ്രകടനം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഡി.പി. രാജശേഖരൻ, നിസി അഹമ്മദ്, അഡ്വ. സതീഷ് പൂതിക്കാട്, ഉമ്മർ കുണ്ടാട്ടിൽ, ബെന്നി കൈനിക്കൽ എന്നിവർ നേതൃത്വം നൽകി.