യുവകപ്പ്: സർവോദയക്കും ജിഎച്ച്എസ്എസ് തലപ്പുഴയ്ക്കും ജയം
1493307
Tuesday, January 7, 2025 7:53 AM IST
കൽപ്പറ്റ: ജില്ലയിലെ കൗമാരപ്രതിഭകളെ തേടി വയനാട് യുണൈറ്റഡ് എഫ്സി സംഘടിപ്പിക്കുന്ന ’യുവ കപ്പ്’ രണ്ടാം സീസണ് ആവേശത്തിൽ. ഫെബ്രുവരി രണ്ടു വരെ നീണ്ടുനിൽക്കുന്ന ഫുട്ബോൾ മേളയിൽ ജില്ലയിലെ 12 സ്കൂളുകളിൽ നിന്നുള്ള ടീമുകളാണ് ജഴ്സിയണിയുന്നത്.
നാല് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ആറു ടീമുകളും ഈ വർഷം മൂന്ന് ഉപജില്ലകളിൽ നിന്നു ജേതാക്കളായ രണ്ട് ടീമുകളൾ വീതവുമാണ് മത്സരിക്കുന്നത്. മീനങ്ങാടി ജിഎച്ച്എസ്എസ്എസ്, ഡബ്ല്യുഒഎച്ച്എസ്എസ് പിണങ്ങോട്, പടിഞ്ഞാറത്തറ ജിഎച്ച്എസ്എസ്, മുട്ടിൽ ഡബ്ല്യഎംഒ വിഎച്ച്എസ്എസ്, ഏച്ചോം സർവോദയ എച്ച്എസ്എസ്, വെള്ളമുണ്ട ജിഎംഎച്ച്എസ്എസ്, തലപ്പുഴ ജിഎച്ച്എസ്എസ്, പനമരം ജിഎച്ച്എസ്എസ്, പൂക്കോട് ഇഎംആർഎസ്, കൽപ്പറ്റ എസ്കഐംജെ, സുൽത്താൻ ബത്തേരി ഗവ.സർവജനാ എച്ച്എസ്എസ്, പുൽപ്പള്ളി വിജയ എച്ച്എസ്എസ് എന്നീ ടീമുകളാണ് ഈ സീസണിൽ യുവകപ്പിൽ മാറ്റുരയ്ക്കുന്നത്.
ജില്ലാ സ്പോർട്സ് കൗണ്സിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോടെ നടക്കുന്ന യുവ കപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആറ് കുട്ടികൾക്ക് രണ്ട് ലക്ഷം രൂപ വരെ സ്കോളർഷിപ്പ് നൽകി റെസിഡൻഷ്യൽ അക്കാദമിക് വയനാട് യുണൈറ്റഡ് എഫ്സി ഉറപ്പ് നൽകുന്നുമുണ്ട്. അവധി ദിനമായ ഇന്നലെ നിരവധി പേരാണ് കൽപ്പറ്റ മരവയൽ സ്റ്റേഡിയൽ നടക്കുന്ന മത്സരം കാണാനെത്തിയത്.
ആദ്യ മത്സരത്തിൽ ഇഎംആർഎസ് പൂക്കോടിനെതിരെ സർവോദയ ഏച്ചോം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു. സർവോദയുടെ യഹ്ഷൻ ജോസ് പ്ലയെർ ഓഫ് ദി മാച്ച് പുരസ്കാരം നേടി. വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ, ട്രഷറർ ജിതിൻ ജോസ്, സർവോദയ സ്കൂൾ മാനേജർ ഫാ. ഡോമാനിക് മാടത്താനി, ഹെഡ്മിസ്ട്രസ്സ് ജെസി പോൾ, ഡിഎഫ്എ അംഗം കെ.ആർ. സജീവ്, മുൻ സ്റ്റേറ്റ് വോളിബോൾ താരം എ.ഇ. ഗിരീഷ്, സർവജന സ്കൂൾ കായിക അധ്യാപകൻ ബിനു എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. രണ്ടാം മത്സരത്തിൽ സർവജന ബത്തേരിക്കെതിരേ ജിഎച്ച്എസ്എസ് തലപ്പുഴ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. തലപ്പുഴയുടെ ആര്യനന്ദ് പ്ലെയർ ഓഫ് ദി മാച്ചായി.