എച്ച്എംപിവി; നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി
1493453
Wednesday, January 8, 2025 5:33 AM IST
ഗൂഡല്ലൂർ: എച്ച്എംപിവി വ്യാപിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന സമയമാണിതെന്നും അതുകൊണ്ട് കേരള - തമിഴ്നാട് - കർണാടക അതിർത്തിയിൽ ആരോഗ്യ വകുപ്പ് നിരീക്ഷണം കർശനമാക്കും. തമിഴ്നാട്ടിൽ എച്ച്എംപിവി സ്ഥിരീകരിച്ചിരുന്നു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ട് കുട്ടികൾ ചികിത്സയിലാണ്. ചുമ, ശ്വാസതടസം ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികൾ സുഖം പ്രാപിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, എച്ച്എംപിവി ബാധയെക്കുറിച്ച് ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. ജലദോഷത്തിനു സമാനമായ അസ്വസ്ഥതകളാണ് വൈറസ് ബാധയുടെ ഭാഗമായുണ്ടാകാറുള്ളതെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അതിർത്തിയിൽ നിരീക്ഷണം കർശനമാക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യതന്നീറു അറിയിച്ചു.