ഇഞ്ചിവില ഇടിയുന്നു; നെഞ്ചിടിപ്പോടെ ഇഞ്ചി കർഷകർ
1493310
Tuesday, January 7, 2025 7:53 AM IST
കൽപ്പറ്റ: കൃഷിമേലയെ പ്രധാനമായും ആശ്രയിച്ചു കഴിയുന്ന വയനാട്ടിലെ കർഷകർക്ക് ദുരിതകാലമാണ്. കാർഷികവിളകൾക്കുണ്ടാവുന്ന വിലത്തകർച്ചയും വന്യമൃഗശല്യവും വിളനാശം മൂലമുണ്ടാകുന്ന പ്രതിസന്ധിയും കലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവുമെല്ലാം ജില്ലയിലെ കർഷകരെ വലിയ സാന്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
ഒന്നര വർഷം മുൻപ് റിക്കാർഡിലെത്തിയിരുന്ന ഇഞ്ചിവിലയാണ് ഇപ്പോൾ കുറഞ്ഞത്. ഇഞ്ചി കൃഷി കൂടുതലുള്ള കർണാടക, ചത്തീസ്ഗഡ്, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു കൂടുതൽ മഴ ലഭിച്ചത് ഇഞ്ചി കൃഷിക്കു ഗുണകരമായി.
ഉത്പാദനത്തിൽ ഗണ്യമായി വർധനയുണ്ടായതായി കർഷകർ പറഞ്ഞു. ഇവിടങ്ങളിലെല്ലാം പ്രാദേശികമായി കൃഷി വർധനവും ഉണ്ടായി. ഈ സംസ്ഥാനങ്ങളിലെല്ലാം മുൻ വർഷങ്ങളിലും കൃഷി ഉണ്ടായിരുന്നെങ്കിലും മഴ ഇല്ലാത്തതിനാൽ ഉത്പാദനം വളരെ കുറവായിരുന്നു. ഈ സാഹചര്യത്തിൽ വില ഉയരുകയും ചെയ്തു. ഇത്തവണ നല്ല മഴ ലഭിക്കുകയും ഉത്പാദനം വർധിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം ജനുവരിയിൽ ഇഞ്ചി 60 കിലോ ചാക്കിന് 6000 രൂപ ലഭിച്ചപ്പോൾ ഇപ്പോൾ 1400 രൂപ മാത്രമാണ് ജില്ലയിൽ ലഭിക്കുന്നത്. കർണാടകയിൽ 1500 രൂപവരെ ലഭിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ മലയാളികളായിരുന്നു കൂടുതൽ കൃഷിയിറക്കിയിരുന്നതെങ്കിൽ ഇപ്പോൾ പ്രാദേശികമായും കൃഷി വർധിച്ചിട്ടുണ്ട്. മലയാളികൾക്ക് അവിടങ്ങളിൽ എത്തി കൃഷിയിറക്കുന്നതിന്റെ പകുതിയിൽ കുറഞ്ഞ ചെലവിൽ പ്രദേശത്തുകാർക്കു കൃഷിയിറക്കാമെന്നതിനാലാണിത്.
മലയാളികൾക്ക് ഇതര സംസ്ഥാനങ്ങളിൽ കൃഷി നടത്തുന്പോൾ സ്ഥലത്തിന്റെ പാട്ടം, യാത്രാ ചെലവ്, തൊഴിലാളികൾക്കു താമസിക്കാനുള്ള ഷെഡ്, കൂലി ചെലവ്, വളം എന്നിവയ്ക്കെല്ലാം ചെലവു വർധിക്കുകയാണ്. വിളവെടുപ്പ് നടത്തേണ്ട സമയത്ത് വിലയില്ലാത്തതിനാൽ ഇഞ്ചിക്കു ചൂടിൽ നിന്നു രക്ഷനൽകാനായി ചപ്പുചവറുകളും മണ്ണിട്ടു മുടിയിടുകയാണ് കർഷകരിപ്പോൾ ചെയ്യുന്നത്.