146 സ്ഥലങ്ങളിൽ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു : വലിച്ചെറിയൽ വിരുദ്ധവാരം സമാപിച്ചു
1493829
Thursday, January 9, 2025 5:36 AM IST
കൽപ്പറ്റ: ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, നവകേരളം മിഷൻ, കുടുംബശ്രീ ജില്ലാ മിഷൻ, കഐസ്ഡബ്ല്യുഎംപി, ആർജിഎസ്എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുതുവർഷത്തിൽ ജില്ലയിൽ ആരംഭിച്ച വലിച്ചെറിയൽ വിരുദ്ധവാരം പ്രവർത്തനങ്ങൾ സമാപിച്ചു.
മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി ജനുവരി ഒന്നു മുതൽ ഏഴുവരെയായിരുന്നു വലിച്ചെറിയൽ വിരുദ്ധവാരം കാന്പയിൻ ജില്ലയിൽ സംഘടിപ്പിച്ചത്. തദ്ദേശ സ്ഥാപനവാർഡ് തലത്തിൽ നിർവഹണ സമിതി യോഗം ചേർന്ന് വലിച്ചെറിയൽ മുക്തവാരവുമായി വിവിധ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടപ്പാക്കിയത്. തദ്ദേശ സ്ഥാപന പരിധികളിലെ മുഴുവൻ സംഘടനകളുടെയും പങ്കാളിത്തമുറപ്പാക്കി പൊതുയിടം വൃത്തിയായി സൂക്ഷിക്കാനുള്ള പ്രവർത്തന പരിപാടി തയാറാക്കി ജനകീയ സമിതികളെ ചുമതലപ്പെടുത്തി.
പാഴ്വസ്തുക്കൾ വലിച്ചെറിയുന്നതിനെതിരേ പൊതുബോധം സൃഷ്ടിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സിഗ്നേച്ചർ കാന്പയിനുകൾ സംഘടിപ്പിച്ചു. പാഴ് വസ്തുക്കൾ സ്ഥിരമായി വലിച്ചെറിയുന്ന സ്ഥലങ്ങൾ കണ്ടെത്തി മാലിന്യ നിക്ഷേപം തടയാനുള്ള ഉത്തരവാദിത്തം സമീപവാസികൾക്ക് നൽകുകയും ചെയ്തു.
വിവിധ വകുപ്പുകൾ, ഏജൻസികൾ, സ്കൂളുകൾ, അസോസിയേഷനുകൾ കാന്പയിനുമായി സഹകരിച്ചു. സർക്കാർ ഓഫീസുകൾ ജില്ലാതലം മുതൽ പ്രാദേശിക ഓഫീസ്തലം വരെ വലിച്ചെറിയിൽ വിരുദ്ധവാരം കാന്പയിനിൽ ഓഫീസുകൾ ഹരിത ഓഫീസ് ആയി പ്രഖ്യാപിച്ചു.
ജില്ലയിൽ കാന്പയിനിന്റെ ഭാഗമായി 213 പരിപാടികൾ നടത്തുകയും 146 സ്ഥലങ്ങളിൽ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. എല്ലാ ബസ് സ്റ്റാൻഡുകളിലും മിഠായി കവറുകൾ, ടിക്കറ്റുകൾ വലിച്ചെറിയൽ തടയുന്നതിന് ടിക്കറ്റ് ബിന്നുകൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്ത് വലിച്ചെറിയൽ വിരുദ്ധവാരം സമാപിച്ചു. മുള്ളൻകൊല്ലി ടൗണും പരിസരവും ബഹുജന പങ്കാളിത്തത്തോടെ ശുചീകരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ആക്കാന്തിരിയിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ജിസ്റ മുനീർ അധ്യക്ഷത വഹിച്ചു. പി.കെ. ജോസ്, വിഇഒ പി. സാജൻ, ഹെൽത്ത് ഇൻസ്പെക്ടർ പി.എൻ. ജിജു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സണ്ണി മണ്ഡപത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.