വയനാട് മെഡിക്കൽ കോളജ് : പ്രിന്റിംഗ് മെഷീൻ പണിമുടക്കി; ജനം ദുരിതത്തിൽ
1493442
Wednesday, January 8, 2025 5:31 AM IST
മാനന്തവാടി: വയനാട് മെഡിക്കൽ കോളജ് ഒപി കൗണ്ടറിലെ പ്രിന്റിംഗ് മെഷീൻ തകരാറിലായിട്ട് ഒരു മാസം പിന്നിട്ടതോടെ പൊതുജനം ദുരിതത്തിലായി. മന്ത്രിയുടെ പിഎയും സിപിഎം ഭാരവാഹിയും പ്രതിഷേധവുമായി എത്തിയതോടെ പഴയ മെഷീൻ സ്ഥാപിച്ച് താത്കാലികമായി പ്രശ്നം പരിഹരിച്ചു.
അയൽ സംസ്ഥാനങ്ങളിൽ നിന്നുപോലും രോഗികൾ ചികിത്സ തേടി എത്തുന്ന വയനാട് മെഡിക്കൽ കോളജ് ഒപി കൗണ്ടറിൽ 2500നു 3000 ത്തിനുമിടയിലാണ് പ്രതിദിനം ഒപി ടിക്കറ്റുകൾ നൽകുന്നത്. നാല് കൗണ്ടറുകളാണ് ഇതിനായി സജീകരിച്ചിരിക്കുന്നത്. രണ്ട് കൗണ്ടറുകളിലെ പ്രിന്റിംഗ് മെഷീൻ തകരാറിലായിട്ട് ഒരു മാസം കഴിഞ്ഞു. ഈ സാഹചര്യത്തിൽ മിക്ക ദിവസങ്ങളിലും കൗണ്ടറുകൾക്ക് മുന്നിൽ പ്രായമായവരുടെയും സ്ത്രീകളുടെയും നീണ്ട നിരയാണ് കാണപ്പെടാറുള്ളത്.
മണിക്കൂറുകളോളം കാത്തുനിന്ന് ഒപികളിലെത്തിയാലാകട്ടെ ഡ്യൂട്ടി സമയം കഴിഞ്ഞ് ഡോക്ടർ പോയിട്ടുമുണ്ടാകും. ഇതോടെ ദൂരസ്ഥലങ്ങളിൽനിന്നും മറ്റും എത്തുന്നവർ നിരാശയോടെ മടങ്ങുകയാണ് ചെയ്യുന്നത്. ഇന്ന് രാവിലെ ഒപി കൗണ്ടറിൽ ഒരു മെഷീൻ മാത്രമാണ് പ്രവർത്തിച്ചത്. ഇതോടെ തിരക്കും വർധിച്ചു.
വിവരമറിഞ്ഞ് മന്ത്രി ഒ.ആർ. കേളുവിന്റെ പേഴ്സണൽ സ്റ്റാഫഗംവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവും സൂപ്രണ്ടിന് മുന്നിലെത്തി പ്രതിഷേധിച്ചതോടെ മുന്പുണ്ടായിരുന്നതും കാലഹരണപ്പെട്ടതുമായ മെഷീൻ എത്തിച്ച് പ്രശ്നം താത്കാലികമായി പരിഹരിക്കുകയായിരുന്നു.
ജില്ലയിൽതന്നെ എറ്റവും അധികം ഒപി ടിക്കറ്റുകളും ഐപിയും പാസുകളും നൽകുന്ന മെഡിക്കൽ കോളജിൽ കാര്യക്ഷമമല്ലാത്ത മെഷീനുകളാണ് സ്ഥാപിച്ചതെന്നും ആരോപണമുണ്ട്. 30,000 ടിക്കറ്റുകളാണ് മെഷീനിന്റെ കപ്പാസിറ്റി എന്നിരിക്കെ ഭൂരിഭാഗം മെഷീനുകളിലും ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ പ്രിന്റ് ചെയ്ത് കഴിഞ്ഞു. കൊട്ടിഘോഷിച്ച് ആരംഭിച്ച ഈ ഹെൽത്ത് സംവിധാനവും ഇപ്പോൾ നിലച്ച മട്ടിലാണ്.