പുഞ്ചിരിമട്ടം പുനരധിവാസം: എഐവൈഎഫ് അതിജീവന മാർച്ച് ഇന്ന്
1493446
Wednesday, January 8, 2025 5:31 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര സക്കാർ പ്രത്യേക സഹായം പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്വത്തിൽ ഇന്ന് മേപ്പാടിയിൽനിന്നു കൽപ്പറ്റയിലേക്ക് അതിജീവന മാർച്ച് നടത്തും.
"വയനാട് ദുരന്തം; കേന്ദ്ര സഹായം എവിടെ?’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പരിപാടിയെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ, ജില്ലാ പ്രസിഡന്റ് എം.സി. സുമേഷ്,എക്സിക്യുട്ടീവ് കമ്മിറ്റിയംഗം വിൻസന്റ് പൂത്തോട്ട്, കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് കെ.പി. ജസ്മൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 500ൽ അധികം വോളണ്ടിയർമാർ പങ്കെടുക്കുന്ന മാർച്ച് രാവിലെ 10ന് ഉരുൾ ദുരന്തം അതിജീവിത ഷൈജ ബേബി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഉദ്ഘാടനം ഉച്ചകഴിഞ്ഞ് മൂന്നിന് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സംവിധായകൻ മനോജ് കാനായ് നിർവഹിക്കും. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണ്, സെക്രട്ടറി ടി.ടി. ജിസ്മോൻ എന്നിവർ ജാഥ നയിക്കും.
പുഞ്ചരിമട്ടം ഉരുൾപൊട്ടൽ സമയബന്ധിതമായി അതിതീവ്രദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കാത്തത് സംസ്ഥാനത്തിനു ദോഷമായെന്ന് എഐവൈഎഫ് നേതാക്കൾ പറഞ്ഞു. ഉരുൾപൊട്ടൽ നടന്ന് രണ്ട് മാസത്തിനകം അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചിരുന്നുവെങ്കിൽ പുനരധിവാസപ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര ഏജൻസികളുടെ സഹായം ലഭിക്കുമായിരുന്നു.
പുഞ്ചിരിമട്ടത്തിനുശേഷം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും ദുരന്തം ഉണ്ടായ സാഹചര്യത്തിൽ അന്താരാഷ്ട്ര ഏജൻസികളുടെ സഹായം സംസ്ഥാനത്തിനു ഇനി ലഭിക്കാനിടയില്ല. പുഞ്ചിരിമട്ടം ഉരുൾദുരന്തം അതിതീവ്രദുരന്തമായി അംഗീകരിച്ച് കേന്ദ്രത്തിന്റെ അറിയിപ്പ് ഈയിടെയാണ് സംസ്ഥാനത്തിന് ലഭിച്ചത്.
ഉരുൾ പൊട്ടിയതിന്റെ പതിനൊന്നാം ദിവസം പ്രധാനമന്ത്രി ദുരന്തമേഖലകൾ സന്ദർശിച്ചതാണ്. ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം രക്ഷാ-പുനരധിവാസ പ്രവർത്തനത്തിന് സഹായം നൽകുമെന്ന് പറഞ്ഞതുമാണ്. എന്നാൽ,പ ുനരധിവാസവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച ആവശ്യങ്ങളോട് കേന്ദ്ര സർക്കാർ മുഖംതിരിക്കുകയാണ് ചെയ്തത്. ഇത് വിവേചനമാണെന്ന് എഐവൈഫ് നേതാക്കൾ പറഞ്ഞു.