വൃത്തിയുടെ പുതിയ പാഠവുമായി കൽപ്പറ്റ നഗരസഭ
1493447
Wednesday, January 8, 2025 5:31 AM IST
കൽപ്പറ്റ: സ്വച്ഛ് സർവേക്ഷന്റേയും മാലിന്യ മുക്തം നവകേരളത്തിന്റേയും ഭാഗമായി നഗര സൗന്ദര്യവത്കരണ പ്രവർത്തനങ്ങളും മെഗാ ക്ലീനിംഗ് പ്രവർത്തനങ്ങളും നടത്തി. സംസ്ഥാന തലത്തിൽ തന്നെ മാതൃകയായ കൽപ്പറ്റ നഗരസഭ വൃത്തിയുടെ മറ്റൊരു പാഠം കൂടി നടപ്പാക്കി ശ്രദ്ധേയമാകുന്നു.
വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റേയും മാലിന്യമുക്തം നവകേരളത്തിന്റേയും ഭാഗമായി ജൈവ, അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനുള്ള ബിന്നുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കാണ് നഗരത്തിൽ തുടക്കമായത്.
ആദ്യഘട്ടത്തിൽ നഗരത്തിൽ 50 ബിന്നുകളാണ് സ്ഥാപിക്കുക. ആയത് സിസിടിവി കാമറ നിരീക്ഷണത്തിന് സാധ്യമാകുന്ന ഇടങ്ങളിലായിരിക്കും. എന്നാൽ, ഇത്തരം ബിന്നുകളിൽ നിക്ഷേപിക്കുന്നതിന് നിർദേശിക്കപ്പെട്ട മാലിന്യങ്ങളല്ലാതെ മറ്റു മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സാഹചര്യം ഉണ്ടായാൽ കുറ്റക്കാർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു. ബിന്നുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ടി. സിദ്ദിഖ് എംഎൽഎ നിർവഹിച്ചു.
നഗരസഭാ ചെയർമാൻ ടി.ജെ. ഐസക്ക് അധ്യക്ഷ്യത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കേയംതൊടി മുജീബ്, എ.പി. മുസ്തഫ, ആയിഷ പള്ളിയാൽ, രാജാറാണി, കൗണ്‍സിലർമാരായ റൈഹാനത്ത് വടക്കേതിൽ, കെ. അജിത, പി. അബ്ദുള്ള, ജോയിന്റ് ഡയറക്ടർ വിമൽ രാജ്, നഗരസഭാ സെക്രട്ടറി അലി അഷ്കർ,
ക്ലീൻസിറ്റി മാനേജർ കെ. സത്യൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്, ഇ. ഹൈദ്രു എന്നിവർ പ്രസംഗിച്ചു. തുടർന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിലായി ബിന്നുകൾ സ്ഥാപിച്ചു.