ഡിസിസി നേതാവിന്റെ മരണം: ജില്ലാ കോണ്ഗ്രസ് നേതൃത്വത്തിനെതിരേ ഗുരുതര വെളിപ്പെടുത്തൽ
1493309
Tuesday, January 7, 2025 7:53 AM IST
സുൽത്താൻ ബത്തേരി: വയനാട്ടിലെ കോണ്ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി എൻ.എം. വിജയൻ. മകനും പാർട്ടി നേതൃത്വത്തിനും എഴുതിവച്ച കത്ത് പുറത്തുവന്നു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ.കെ. ഗോപിനാഥൻ എന്നിവരുടെ പേരുകളാണ് നേതൃത്തിന് എഴുതിയ കത്തിലുള്ളത്. കത്തും മരണമൊഴിയും അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയതായി കുടുംബം പറഞ്ഞു.
മകൻ വിജേഷ് ഇന്നലെ പുറത്തുവിട്ട എൻ.എം. വിജയൻ കെപിസിസി നേതൃത്വത്തിന് എഴുതിയ കത്തിലാണ് ഗുരുതര ആരോപണങ്ങൾ ഉള്ളത്. ബാങ്കിൽ ജോലി നൽകാമെന്ന് വാഗ്ദാനത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ യുടെ നിർദേശപ്രകാരം ഏഴ് ലക്ഷം രൂപ വാങ്ങി.
പിന്നീട് ജോലി നൽകാൻ പറ്റാതായതോടെ രണ്ട് ലക്ഷം രൂപ തിരികെ നൽകി. ബാക്കി അഞ്ച് ലക്ഷം രൂപ തന്റെ ബാധ്യതയായി. എൻ.ഡി. അപ്പച്ചൻ വാങ്ങിയ 10 ലക്ഷത്തിന് താൻ പണയാധാരം നൽകേണ്ടിയും വന്നു. അത് കോടതിയിൽ കേസായതായും നേതാക്കൾക്ക് എഴുതിയ കത്തിൽ പറയുന്നു. സർവീസ് സഹകരണ ബാങ്ക് ഭരണം പിടിച്ചെടുക്കാൻ നിയമന വാഗ്ദാനം നൽകി 32 ലക്ഷം രൂപ പലരിൽ നിന്ന് വാങ്ങി.
നിയമനങ്ങൾ റദ്ദാക്കിയതോടെ പണം തിരിച്ചു നൽകാൻ ലോണെടുത്തു. അത് ഇപ്പോൾ 65 ലക്ഷത്തിന്റെ ബാധ്യതയായി എന്നും അന്തരിച്ച മുൻ ഡിസിസി പ്രസിഡന്റ് പി.വി. ബാലചന്ദ്രൻ, മുൻ കോണ്ഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ എന്നിവർക്കെതിരേയും ഗുരുതര ആരോപണങ്ങളാണ് കത്തിൽ പറയുന്നത്. ഈ കത്തും മകന് എഴുതിയ മരണ കുറിപ്പും മൂത്തമകൻ വിജേഷ് പോലീസിന് കൈമാറി.