പൂപ്പൊലി 2025 നോട് അനുബന്ധിച്ച് ശില്പശാല
1493308
Tuesday, January 7, 2025 7:53 AM IST
അന്പലവയൽ: അന്പലവയലിലെ അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2025 നോട് അനുബന്ധിച്ച് കാലികപ്രസക്തിയുള്ള വിഷയങ്ങളിൽ കർഷകർക്കായി വിദഗ്ധർ നയിക്കുന്ന ശില്പശാലകൾ സംഘടിപ്പിക്കുന്നു. വയനാട്ടിലെ കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ, അവയ്ക്കുള്ള പ്രതിവിധികൾ എന്നതിനെ അടിസ്ഥാനമാക്കി ഏഴ് വിഷയങ്ങളിലായാണ് ശില്പശാലകൾ നടത്തുന്നത്. ജനുവരി നാലിന് നടന്ന ആദ്യ ശില്പശാലയിൽ പ്രകൃതി ദുരന്തങ്ങളെയും മാറുന്ന കാലാവസ്ഥയും എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് ആയിരുന്നു ചർച്ചകൾ.
കോഴിക്കോട് സിഡബ്ല്യുആർഡി എമ്മിലെ ഹൈഡ്രോളജി വിദഗ്ധൻ ഡോ.പി.ആർ. അരുണ്, ഭൂഗർഭ ജലവകുപ്പിലെ സീനിയർ ഹൈഡ്രോ ജിയോളജിസ്റ്റ് ഡോ. ലാൽ തോംസണ്, കേരള കാർഷിക സർവകലാശാല കാലാവസ്ഥാ വ്യതിയാന പ്രകൃതി ശാസ്ത്ര കോളജ് ഡീൻ ഡോ.പി.ഒ. നമീർ, കാലാവസ്ഥ പഠന വിഭാഗം മേധാവി കാർഷിക കോളജ് വെള്ളാനിക്കരയിലെ ഡോ.ബി. അജിത് കുമാർ, കാലാവസ്ഥ പഠന വിഭാഗം ആർഎആർഎസ് അന്പലവയൽ അസിസ്റ്റന്റ് പ്രഫ.ഡോ. ഷജീഷ് ജാൻ എന്നിവർ വിഷയാവതരണം നടത്തി.
ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ, നേരിടാനുള്ള മാർഗങ്ങൾ, മുൻകൂട്ടി ദുരന്തം പ്രവചനവും മുന്നറിയിപ്പ് നൽകുന്നതിനെക്കുറിച്ചുള്ള സാങ്കേതികവിദ്യകൾ എന്നിവയെപ്പറ്റി ചർച്ച നടന്നു.
ഇന്നലെ നടന്ന രണ്ടാമത്തെ ശില്പശാലയിൽ പശ്ചിമഘട്ടത്തിലെ കൃഷിയുടെ ഭാവിയെ പറ്റിയാണ് ചർച്ചകൾ സംഘടിപ്പിച്ചത്. വിഷയവിദഗ്ധരായ ഡോ.എ.വി. സന്തോഷ് കുമാർ, ഫോറസ്റ്റ് ബയോളജി ആൻഡ് ട്രീ ഇംപ്രൂവ്മെന്റ് വിഭാഗം മേധാവി കോളേജ് ഓഫ് ഫോറസ്റ്റ് വെള്ളാണിക്കര പ്രമോദ് മാധവൻ, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ (പ്ലാനിംഗ്) പ്രഫ.പി. രാജേന്ദ്രൻ, റിട്ട.എഡിആർ ആർഎആർഎസ് അന്പലവയൽ ടി.കെ. സരീഷ്, ഉത്തരവാദിത്വ ടൂറിസം മിഷൻ ജില്ലാ കോഓർഡിനേറ്റർ കർഷക പ്രമുഖരായ പ്രസീത് കുമാർ, വി. സാബു, പി. സ്റ്റാൻലി, റോയ് മോൻ (കർഷകോത്തമ അവാർഡ് വിജയി), റെജി ജോസഫ്, പി. ശ്രീസൂര്യ പ്രകാശ്, പി.ഒ. രാജേഷ് അസിസ്റ്റന്റ് എൻജിനിയർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വയനാടിന് യോജിച്ച പ്രകൃതി സൗഹാർദപരമായ സുസ്ഥിര കൃഷി രീതികൾ അവതരിപ്പിക്കപ്പെട്ടു. കാർഷിക വൈവിധ്യവത്കരണം, മണ്ണ് ജലസംരക്ഷണം, വാണിജ്യ അടിസ്ഥാനത്തിലുള്ള കൃഷി, വിനോദസഞ്ചാരം കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള കൃഷിയിടങ്ങൾ തുടങ്ങിയവയാണ് വയനാടിന്റെ വയനാട്ടിന്റെ കാർഷിക മേഖലയുടെ ഭാവി മാർഗങ്ങളായി നിർദേശിക്കപ്പെട്ടത്. ശില്പശാലയിൽ ഉന്നയിക്കപ്പെടുന്ന നിർദേശങ്ങൾ പദ്ധതി രൂപത്തിൽ സർക്കാരിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അന്പലവയൽ ആർഎആർഎസ് അസോസിയേറ്റ് ഡയറക്ടർ ഡോ. യാമിനി വർമ്മ അറിയിച്ചു. രണ്ടുദിവസത്തെയും ശില്പശാലകളിലായി 150 ഓളം കർഷകരും വിദ്യാർഥികളും ഗവേഷകരും പങ്കെടുത്തു.