ഉരുൾദുരന്ത ബാധിതരുടെ പുനരധിവാസം: മുഴുവൻ കുടുംബങ്ങൾക്കും 10 സെന്റ് വീതം സ്ഥലം നൽകണം: എംഎൽഎ
1493443
Wednesday, January 8, 2025 5:31 AM IST
കൽപ്പറ്റ: ഉരുൾദുരന്തബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും മിനിമം 10 സെന്റ് വീതം സ്ഥലമെങ്കിലും നൽകി പുനരധിവസിപ്പിക്കണമെന്ന് ടി. സിദ്ദിഖ് എംഎൽഎ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ എൽസ്റ്റണ് എസ്റ്റേറ്റിൽ വീട് വയ്ക്കുന്നതിനായുള്ള സ്ഥലം അഞ്ചുസെന്റും നെടുന്പാല എസ്റ്റേറ്റിൽ 10 സെന്റും നൽകുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാൻ സർക്കാർ തയാറാകണം.
മാർക്കറ്റ് വില അനുസരിച്ചും ടൗണും പരിഗണിച്ചുകൊണ്ടല്ല ദുരന്തബാധിതരെ പുനരധിവസിപ്പിക്കേണ്ടത്. ഇക്കാര്യത്തിൽ വിവേചനം കാട്ടുന്നത് മനുഷ്യാവകാശ ലംഘനവും അനീതിയുമാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെയും കലക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ദുരന്തം നടന്നിട്ട് ആറുമാസമായിട്ടും പരിക്ക് പറ്റിയവരുടെ തുടർചികിത്സയുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനവും സർക്കാർ നടത്തിയിട്ടില്ല. ഇക്കാര്യം ഉന്നയിച്ച് പലതവണ മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. ദുരന്തം മൂലം പരിക്ക് പറ്റിയവരുടെ തുടർചികിത്സ ഉറപ്പുവരുത്താൻ സർക്കാർ തയ്യാറാകണം. സർക്കാർ പുനരധിവാസത്തിന്റെ കലണ്ടർ പ്രഖ്യാപിക്കണമെന്നും എംഎൽഎ പറഞ്ഞു. ദുരന്തത്തിൽ നിരവധി കർഷകരുടെ ഏക്കർ കണക്കിന് കൃഷിഭൂമിയാണ് നഷ്ടപ്പെട്ടത്.
ആ ഭൂമിക്ക് തത്തുല്യമായ തുക നൽകാൻ സർക്കാർ തയാറാകണം. പ്രദേശത്ത് നിലവിലുള്ള കൃഷിഭൂമിയിൽ കാർഷികവൃത്തിക്ക് വൈദ്യുതി ആവശ്യമാണ്. കെഎസ്ഇബിയുടെ അടിയന്തരസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ജലസേചനം ഉൾപ്പെടെയുള്ള കർഷകരുടെ ആവശ്യങ്ങൾക്കായി ഇക്കാര്യത്തിൽ സത്വര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരന്തബാധിതരുടെ വായ്പയുടെ കാര്യത്തിൽ പ്രഖ്യാപനം നടത്തിയിട്ട് കാര്യമില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുൾ അടിയന്തരമായി കൂടിയാലോചനകൾ നടത്തി ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാണാതായവരുടെ കുടുംബാംഗങ്ങളുടെ യോഗം വിളിച്ച് സർക്കാരുടെ തുടർനടപടിയെന്താണ് വ്യക്തമായി പറയാൻ തയ്യാറാകണമെന്നും, അടുത്ത മഴക്കാലത്തിന് മുന്പ് ജില്ലയിലെങ്ങും ശാസ്ത്രീയമായ മുന്നറിയിപ്പ് സംവിധാനം ഏർപ്പെടുത്താനുള്ള നടപടികളുണ്ടാകണമെന്നും എംഎൽഎ പറഞ്ഞു.