പിഎം അഭിം പദ്ധതി: 23.75 കോടി ചെലവിൽ ജനറൽ ആശുപത്രിക്ക് ട്രോമാ കെയർ യൂണിറ്റ് നിർമിക്കും
1486405
Thursday, December 12, 2024 2:49 AM IST
കൽപ്പറ്റ: പിഎം അഭിം പദ്ധതിയിൽ 23.75 കോടി ചെലവഴിച്ച് ജനറൽ ആശുപത്രിക്ക് ട്രോമാ കെയർ യൂണിറ്റ് നിർമിക്കുമെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. പിഎം അഭിം പദ്ധതിയിൽ ഉൾപ്പെടുത്തി 23 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. ക്രിട്ടിക്കൽ കെയർ അഥവാ ട്രോമാകെയർ യൂണിറ്റ് ആരംഭിക്കുന്നതിനാണ് തുക വിനിയോഗിക്കേണ്ടത്.
50 കിടക്കകളുള്ള കെട്ടിടമാണ് ഇതിനായി നിർമിക്കേണ്ടത്. ആശുപത്രിയോടനുബന്ധിച്ചാണ് കെട്ടിടം നിർമിക്കേണ്ടതെങ്കിലും സ്ഥല പരിമിതിയാണ് പ്രശ്നം. ഇത് പരിഹരിക്കുന്നതിന് എംഎൽഎയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. 2026 മാർച്ചിനകം നിർമാണം പൂർത്തിയാക്കണം.
കൽപ്പറ്റ നഗരസഭ ചെയർപേഴ്സണ് ടി.ജെ. ഐസക് ഉൾപ്പടെ ജനപ്രതിനിധികളും എഡിഎം കെ. ദേവകിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ഡിപിഎം ഡോ. സമീഹ, ജനറൽ ആശുപത്രി സൂപ്രണ്ടന്റ് ഡോ. മൊയ്തീൻ ഷാ, ആരോഗ്യ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. 27ന് വിദഗ്ധ സംഘം വയനാട്ടിൽ എത്തുന്പോഴെക്കും സ്ഥലം കണ്ടെത്താനുള്ള തീവ്രശ്രമമാണ് നടക്കുന്നതെന്നും എംഎൽഎ പറഞ്ഞു.