ജനകീയ കൗണ്‍സിലർമാർ ചരിത്രം രചിക്കുന്നു: പി.കെ. കുര്യൻ
1486261
Wednesday, December 11, 2024 7:53 AM IST
മാനന്തവാടി: ജില്ലയിലെ പ്രളയ, ഉരുൾപൊട്ടൽ ദുരിന്തബാധിതർക്ക് മാനസിക പിന്തുണ നൽകുന്നതിനു പ്രവർത്തിക്കുന്ന ജനകീയ കൗണ്‍സലർമാർ പുതിയ ചരിത്രം രചിക്കുകയാണെന്നു ലോക ബാങ്ക് കണ്‍സൾട്ടന്റും കാത്തലിക് റിലീഫ് സർവീസിന്റെ പിന്തുണയോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ മാനേജരുമായ പി.കെ. കുര്യൻ.
ജനകീയ കണ്‍സലിംഗ് ടീമിന്റെ മൂന്നാംഘട്ട പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടുമാസത്തിനിടെ ആയിരങ്ങൾക്ക് ആശ്വാസം പകരാനും ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താനും ജനകീയ കൗണ്സർമാർക്ക് കഴിഞ്ഞതായി കുര്യൻ പറഞ്ഞു. സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു.
കാത്തലിക് റിലീഫ് സർവീസ് ഫിനാൻസ് ഓഫീസർ സി.ജെ. വർഗീസ്, സൊസൈറ്റി വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പാലംപറന്പിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ചിഞ്ചു മരിയ, ജാൻസി ജിജോ എന്നിവർ പ്രസംഗിച്ചു. സ്കാർഫ് ചെന്നൈ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ കോഓർഡിനേറ്റർ ജെയ്നി ജോസഫ്, പ്രോജക്ട് കോഓർഡിനേറ്റർ മുഹമ്മദ് മുഹ്സിൻ, സൈക്കോളജിസ്റ്റ് കലാവീണ, സൊസൈറ്റി ഫീൽഡ് സൂപ്പർവൈസർമാരായ ബിൻസി വർഗീസ്, ജിനി ഷിനു, ഷീന ആന്റണി എന്നിവരാണ് പരിശീലനത്തിനു നേതൃത്വം നൽകുന്നത്.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാത്തലിക് റിലീഫ് സർവീസിന്റെ സാന്പത്തിക സഹായത്തോടെ ജില്ലയിലെ പ്രളയ, ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് മാനസിക പിന്തുണ നൽകുന്നതിന് ആവിഷ്കരിച്ചതാണ് ജനകീയ കൗണ്‍സലിംഗ് പദ്ധതി.