കാർഷികമേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും: എൻ.ഡി. അപ്പച്ചൻ
1485770
Tuesday, December 10, 2024 4:58 AM IST
കൽപ്പറ്റ: വയനാട്ടിലെ കാർഷികമേഖല വന്യമൃഗശല്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങളാൽ കടുത്ത പ്രതിസന്ധി നേരിടുന്പോഴും സർക്കാർ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ കുറ്റപ്പെടുത്തി.
എല്ലാ കർഷകരും ഒരു പോലെ വന്യമൃഗശല്യം നേരിടുകയാണ്. ആന, പന്നി, മാൻ, മയിൽ, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങൾ വിളകൾ നശിപ്പിക്കുന്നത് പതിവാണ്. ഒരു പ്രതീക്ഷയുമില്ലാതെ കർഷകർ ആത്മഹത്യയിൽ അഭയം പ്രാപിച്ച് ജീവനൊടുക്കാൻ തയാറാകുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടയിൽ ബാങ്കുകൾ സർഫാസി നിയമം ഉപയോഗിച്ച് ജപ്തി നടപടിയുമായി മുന്നോട്ട് പോകുകയാണ്. ഇതെല്ലം അറിയുകയും കാണുകയും ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യാതൊരു നടപടിയും സ്വീകരിക്കാതെ കർഷകരെ ശത്രുക്കളായി കാണുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വന്യമൃഗങ്ങൾ മനുഷ്യരെ കൊന്ന് തിന്നുന്ന സംഭവങ്ങൾ വയനാട്ടിൽ നിരവധിയാണ്. ഒരു വർഷം മുന്പ് കടുവ മുടക്കൊല്ലിയിലെ പ്രജീഷിനെ കൊന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ ദിവസം മൂടക്കൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങി ഒരു പശുവിനെ കൊന്നുതിന്നു. നാട്ടുകാർ രാത്രികാലങ്ങളിൽ പുറത്തിറങ്ങാതെ ഭയവിഹ്വലരായി കഴിയുകയാണ്. കേരളത്തിലെ വനംമന്ത്രിയും വയനാട്ടിലെ വനപാലകരും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിന് ഒരു നടപടിയും എടുക്കാതെ വന്യമൃഗങ്ങൾ മനുഷ്യരെ ഉപദ്രവിക്കുന്പോൾ മാത്രം ഓടിവരുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.
ഇക്കാര്യത്തിൽ പലതവണ വനം മന്ത്രിയോടും ഉദ്യോഗസ്ഥരോടും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനപ്രതിനിധികളും ചർച്ച ചെയ്തിട്ടും യാതൊരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിസംഗതയോടെ നോക്കി നിൽക്കുകയാണ്. കേരള സർക്കാരിന് വയനാട്ടിലെ ജനങ്ങളോട് അൽപമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ കർണാടകയിൽ ചെയ്യുന്നത് പോലെ നൂതനമായ മാർഗങ്ങൾ സ്വീകരിക്കുകയും വനത്തിനോട് ചേർന്ന് താമസിക്കുന്ന ആളുകൾക്ക് പൂർണമായ സംരക്ഷണം നൽകുന്നതിനും ജനമേഖലയിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങാതിരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അപ്പച്ചൻ പറഞ്ഞു.
മുണ്ടക്കൈ ദുരന്തമുണ്ടായി 130 ദിവസം പിന്നിട്ടിട്ടും ദുരന്തത്തിൽ ശേഷിച്ച ആളുകൾക്ക് വേണ്ടി ഒരിക്കലും കിട്ടാത്ത ഭൂമിയുടെ പിറകേ നടന്ന് ജനങ്ങളെ വഞ്ചിച്ചിട്ട് കാര്യമില്ല. ദുരന്തത്തിൽ ബാക്കിയായ ജനങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കുന്നതിന് കേരള സർക്കാർ മുൻകൈയെടുക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം മാത്രം ഉപയോഗിച്ച് ഏകദേശം 500 ഓളം വരുന്ന കുടുംബങ്ങൾക്ക് വയനാട്ടിൽ ഭൂമി കണ്ടെത്തി വീട് വയ്ക്കാവുന്നതാണ്. അല്ലെങ്കിൽ ഒരു കുടുംബത്തിന് അവരുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയുന്ന ഒരു തുക സർക്കാർ അടിയന്തിരമായി അനുവദിക്കണം.
യാതൊരുവിധ ജീവിതമാർഗവുമില്ലാതെ കഷ്ടപ്പെടുന്ന ഇവരുടെ വേദനയും ദയനീതയും മനസിലാക്കി സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും സർക്കാരുകളുടെ കള്ളക്കളി വെളിച്ചത്ത് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.