എൽപി വിഭാഗം അർധവാർഷിക പരീക്ഷ: മുണ്ടക്കൈ സ്കൂളിലെ കുട്ടികൾക്ക് പ്രത്യേക ചോദ്യക്കടലാസ്
1486404
Thursday, December 12, 2024 2:49 AM IST
സുൽത്താൻ ബത്തേരി: ഉരുളെടുത്ത മുണ്ടക്കൈ എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് അർധ വാർഷിക പരീക്ഷയ്ക്ക് പ്രത്യേക ചോദ്യക്കടലാസ് തയാറാക്കി എസ്സിഇആർടി. മുണ്ടക്കൈ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും മാനസിക സമ്മർദത്തിലാണ്. കാൽക്കൊല്ലപ്പരീക്ഷ മുണ്ടക്കൈ, വെള്ളാർമല സ്കൂളുകളിൽ നടത്തിയിരുന്നില്ല. രണ്ട് വിദ്യാലയങ്ങളിലെയും കുട്ടികളും അധ്യാപകരും മാനസിക സമ്മർദത്തിൽനിന്ന് മുക്തമാകാത്തതിനാൽ നിർദേശിക്കപ്പെട്ട പാഠഭാഗങ്ങൾ വേഗത്തിൽ തീർക്കാനായിട്ടില്ലെന്നു പൊതവിദ്യാഭ്യാസ വകുപ്പ് അധികൃതർ കണ്ടെത്തുകയുമുണ്ടായി.
ഈ സാഹചര്യത്തിലാണ് പ്രത്യേക ചോദ്യക്കടലാസ് തയാറാക്കാൻ തീരുമാനിച്ചത്. പാഠഭാഗം എവിടംവരെ പഠിപ്പിച്ചുവെന്നതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസമന്ത്രിയുടെയും എസ്സിഇആർടി ഡയറക്ടറുടെയും പ്രത്യേക നിർദേശാനുസരണം വയനാട് ഡയറ്റിന്റെ മേൽനോട്ടത്തിൽ എസ്സിഇആർടി നേരിട്ടാണ് മൂന്നുദിവസംകൊണ്ട് ചോദ്യക്കടലാസ് തയാറാക്കിയത്. ചോദ്യക്കടലാസ് മുണ്ടക്കൈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന മേപ്പാടി എപിജെ അബ്ദുൾകലാം മെമ്മോറിയൽ ഹാളിൽ ഇന്ന് എത്തിക്കും. നാളെ മുതലാണ് പരീക്ഷ.