കോടതി സമുച്ചയത്തിനു മുന്നിൽ അഭിഭാഷകർ ധർണ നടത്തി
1485612
Monday, December 9, 2024 6:24 AM IST
കൽപ്പറ്റ: ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസ് കോർട്ട് സെന്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോടതി സമുച്ചയത്തിനു മുന്നിൽ ധർണ നടത്തി.
അഭിഭാഷകരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് കേരള അഡ്വക്കറ്റ് പ്രൊട്ടക്ഷൻ ആക്ട് കൊണ്ടുവരിക, ബാർ കൗണ്‍സിൽ വെൽഫെയർ ഫണ്ടിൽനിന്നു അപഹരണം നത്തിയവരെ നിയമത്തിനു മുന്നിൽ നിർത്തുക, അഡ്വക്കറ്റ്സ് വെൽഫെയർ ഫണ്ട് 30 ലക്ഷം രൂപയായി വർധിപ്പിക്കുക, ജൂണിയർ അഭിഭാഷകർക്ക് മാസം 5,000 രൂപ സ്റ്റൈപ്പൻഡ് അനുവദിക്കുക, അഭിഭാഷക പെൻഷൻ പദ്ധതി നടപ്പാക്കുക, പുതിയ ചെക്ക് കേസുകൾക്കും കുടുംബ കോടതി കേസുകൾക്കും ഏർപ്പെടുത്തിയ കോടതി ഫീസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. പി.എം. രാജീവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പി.ബി. വിനോദ്കുമാർ, സീനിയർ അഭിഭാഷകരായ ജയലക്ഷ്മി, കെ.കെ. സെബാസ്റ്റ്യൻ, ജോസ് തേരകം എന്നിവർ പ്രസംഗിച്ചു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ഷൈജു മാണിശേരി സ്വാഗതവും ജില്ലാ സെക്രട്ടറി അഡ്വ.ടോമി വി. ജോസഫ് നന്ദിയും പറഞ്ഞു.