പുഞ്ചിരിമട്ടം ദുരന്തം: തകർന്ന കെട്ടിടം ഉടമകൾക്ക് ബിഒഡബ്ല്യുഎ സഹായധനം നൽകുന്നു
1486251
Wednesday, December 11, 2024 7:52 AM IST
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ പൂർണമായും ഭാഗികമായും തകർന്ന വാടകക്കെട്ടിടങ്ങളുടെ ഉടമകൾക്ക് ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ(ബിഒഡബ്ല്യഎ)സഹായധനം നൽകുന്നു.
ഒന്നാംഘട്ട സഹായമായി 50 പേർക്ക് കാൽ ലക്ഷം രൂപ വീതമാണ് നൽകുന്നതെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് യു.എ. അബ്ദുൾ മനാഫ്, സെക്രട്ടറി നിരൻ വിജയൻ, ബത്തേരി യൂണിറ്റ് പ്രസിഡന്റ് എം.സി. പീറ്റർ മൂഴയിൽ, വികാസ് ചാക്കോ, അഡ്വ. പി.പി. വാസുദേവൻ, കുര്യൻ ജോസഫ്, ടി.എ. ആസിഫ് അലി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സഹായധനം വിതരണം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് സുൽത്താൻ ബത്തേരി റോട്ടറി ഹാളിൽ നടത്തും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. ബിൽഡിംഗ് ഓണേഴ്സ് കോണ്‍ഫെഡറേഷൻ ചെയർമാൻ പഴേരി ഷെരീഫ് ഹാജി മണ്ണാർക്കാട് അധ്യക്ഷത വഹിക്കും. എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, മുൻ എംഎൽഎ സി. മമ്മൂട്ടി. ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ്, കെയുഡബ്ല്യുജെ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാൾ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി പി.വൈ. മത്തായി, കോണ്‍ഫെഡറേഷൻ ഭാരവാഹികളായ ടോമി ഈപ്പൻ, പി.പി. അലവിക്കുട്ടി എന്നിവർ പ്രസംഗിക്കും. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ, ഓൾ കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ എന്നിവ സംയുക്തമായാണ് സഹായം നൽകുന്നതിന് ധനസമാഹരണം നടത്തിയത്. മുണ്ടക്കൈയിൽ 15ഉം ചൂരൽമലയിൽ 35ഉം വാടകക്കെട്ടിടങ്ങളാണ് നശിച്ചത്. ഈ കെട്ടിടങ്ങളിൽനിന്നുള്ള വാടക ഉപയോഗിച്ച് ഉപജീവനം നടത്തുന്നവരാണ് ഉടമകളിൽ പലരും.
വരുമാനം നിലച്ചത് ഇവരെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് അസോസിയേഷൻ സഹായധനം നൽകുന്നത്. മുൻ ജില്ലാ പ്രസിഡന്റ് എൻ. അബ്ബാസ് ഹാജി അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ പേരിൽ തലപ്പുഴയിൽ 30 സെന്റ് ഭൂമി അസോസിയേഷനു ലഭ്യമാക്കിയിട്ടുണ്ട്. ഈ ഭൂമി ഉരുൾ ദുരന്ത ബാധിതരിലെ ഭർത്താവ് മരണപ്പെട്ടവർ, തൊഴിൽ രഹിതരും അഭ്യസ്തവിദ്യരുമായ വനിതകൾ എന്നിവർക്കു ജീവനോപാധി പദ്ധതി നടപ്പാക്കുന്നതിനു വിനിയോഗിക്കാനാണ് ആലോചനയെന്നു അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.