പുനരധിവാസം: സംസ്ഥാനതല സർവകക്ഷി യോഗം വിളിക്കണമെന്ന് ടി. സിദ്ദിഖ് എംഎൽഎ
1485106
Saturday, December 7, 2024 5:15 AM IST
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതരുടെ സമയബന്ധിതമായ പുനരധിവാസം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സംസ്ഥാനതല സർവകക്ഷി യോഗം വിളിക്കണമെന്ന് ടി. സിദ്ദിഖ് എംഎൽഎ. പ്രസ്ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തം നടന്ന് മൂന്നു മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിനു ഉപയോഗപ്പെടുത്തേണ്ട സ്ഥലം ഏറ്റെടുക്കാനായില്ല. ടൗണ്‍ഷിപ്പ് നിർമാണത്തിന് നെടുന്പാലയിൽ 65.41 ഹെക്ടർ ഹാരിസണ്‍സ് ഭൂമിയും കൽപ്പറ്റയ്ക്കടുത്ത് 78.73 ഹെക്ടർ എൽസ്റ്റൻ എസ്റ്റേറ്റ് ഭൂമിയും ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുക്കാൻ നടത്തിയ നീക്കം നിയമക്കുരുക്കിലാണ്. സ്ഥലം 2013ലെ എഎആർആർ നിയമപ്രകാരം വില നൽകി ഏറ്റെടുക്കണമെന്നാണ് തോട്ടം ഉടമകളുടെ വാദം. ഈ സ്ഥലങ്ങളിലടക്കം എസ്റ്റേറ്റ് ഭൂമികളിൽ അവകാശം ഉന്നയിച്ച് സർക്കാരിനുവേണ്ടി ബത്തേരി സബ് കോടതിയിൽ ജില്ലാ കളക്ടർ കേസ് ഫയൽ ചെയ്തിരിക്കുകയുമാണ്. ഇത് പുനരധിവാസത്തിനുള്ള സ്ഥലമെടുപ്പ് അനിശ്ചിതത്വത്തിലാക്കി.
ലെയ്സണ്‍ വർക്കിന്റെ അഭാവമാണ് ഇതിനു കാരണമായത്. നിയമപ്രശ്നം ഇല്ലാത്തതും ലഭ്യമായതുമായ വേറേ ഭൂമികൾ പുനരധിവാസത്തിന് ഉപയോഗപ്പെടുത്തുന്നതിൽ സർക്കാർതലത്തിൽ നീക്കമില്ല. ദുരന്തബാധിതർക്ക് വീട് നിർമിച്ചുനൽകുമെന്ന് വാഗ്ദാനം ചെയ്തവരുടെ യോഗം ആവശ്യപ്പെട്ടിട്ടും സർക്കാർ വിളിക്കുന്നില്ല. സ്പോണ്സർമാരിൽ ചിലർ പിൻവാങ്ങുന്ന സൂചനകളാണുള്ളത്.
കലണ്ടർ തയാറാക്കി പുനരധിവാസ പ്രക്രിയ പൂർത്തിയാക്കാൻ സർക്കാർ തയാറാകണം. അർഹമായ സഹായം സംസ്ഥാനത്തിന് അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.