മലനാട് ചാനലിന് ആത്മ നിർഭർഭാരത് ദേശീയ അവാർഡ്
1485771
Tuesday, December 10, 2024 4:58 AM IST
കൽപ്പറ്റ: രാജ്യത്തെ ഗ്രാമീണ മേഖലയിലെ പുരോഗതിക്ക് ഉതകുന്ന സമഗ്ര സംഭാവനകൾ നൽകുന്ന സംരംഭകർക്ക് നൽകിവരുന്ന ദേശീയ അവാർഡായ 93-ാമത് ആത്മ നിർഭർ ഭാരത് പുരസ്കാരം മലനാട് കമ്മ്യൂണിക്കേഷൻസിന് ലഭിച്ചതായി ഡയറക്ടർ ബോർഡ് അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ മലനാട് ചാനൽ മാനേജിംഗ് ഡയറക്ടർ ബെന്നി ഏലിയാസ് അവാർഡ് ഏറ്റുവാങ്ങി. നാഷണൽ അച്ചീവേഴ്സ് ഫൗണ്ടേഷനും ബിസിനസ് ആൻഡ് പ്രോഫിറ്റ്സ് എന്ന മാഗസിനും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചാനൽ ഡയറക്ടർ പി.ജെ. ഗിരീഷ് കുമാർ, പബ്ലിക് റിലേഷൻ വകുപ്പ് ഡയറക്ടർ രഞ്ജിത്ത് നായ്ക്കട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എം.പി. കൃപാനാഥ്മല്ല, മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മുൻ എംപിമാരായ കെ.സി. ത്യാഗി, ജെ.കെ. ജെയ്ൻ, മുൻ സിക്കിം ഗവർണർ വി.പി. സിംഗ്, പ്രമുഖ വ്യവസായി പി.എൻ. ഖന്ന തടങ്ങിയവർ അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്തു. വളർന്നുവരുന്ന ഇന്ത്യൻ സന്പദ് വ്യവസ്ഥയ്ക്കു കരുത്തു പകരുന്നതാണ് ഇത്തരം സംരംഭങ്ങളെന്നു പ്രമുഖർ വിലയിരുത്തി.
വയനാടിന്റെ ദൃശ്യമാധ്യമ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളോടെ 25-ാം വർഷത്തിലേക്കു കടന്നിരിക്കുകയാണ് മലനാട്. രാജ്യത്ത് പ്രാദേശിക ചാനലുകൾക്ക് നൽകുന്ന ലൈസൻസ് ഈ വർഷം മലനാടിന് ലഭിച്ചെന്നും ചാനൽ അധികൃതർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ മലനാട് ചാനൽ മാനേജിംഗ് ഡയറക്ടർ ബെന്നി ഏലിയാസ്, ചാനൽ ഡയറക്ടർ പി.ജെ. ഗരീഷ് കുമാർ, പബ്ലിക് റിലേഷൻസ് ഡയറക്ടർ രഞ്ജിത്ത് നായ്ക്കട്ടി, ഫിനാൻസ് ഡയറക്ടർ അനീഷ് ഡേവിഡ്, ടെക്നിക്കൽ ഡയറക്ടർ സി. വിജയകുമാർ എന്നിവർ പങ്കെടുത്തു.