ഗൂഡല്ലൂർ ഭൂപ്രശ്നം: കർഷകസംഘം മുഖ്യമന്ത്രിക്ക് നിവേദനം നൽകി
1486253
Wednesday, December 11, 2024 7:52 AM IST
ഗൂഡല്ലൂർ: താലൂക്കിലെ ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തമിഴ്നാട് കർഷകസംഘം മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പതിറ്റാണ്ടുകളായി നിലനിൽക്കുന്നതാണ് ഗൂഡല്ലൂരിലെ ഭൂപ്രശ്നം. താലൂക്കിലെ ജൻമം ഭൂമി തമിഴ്നാട് സർക്കാരിന്റേതാണെന്നും ഇഷ്ടാനുസരണം ഭൂവിനിയോഗം നടത്താമെന്നും 2010 ഒക്ടോബർ ഒൻപതിന് സുപ്രീം കോടതി ഉത്തരവായിരുന്നു.
എന്നാൽ ഈ വിധി ഉപയോഗപ്പെടുത്തി കർഷകരുടെ കൈവശഭൂമിക്ക് പട്ടയം നൽകാൻ മാറിമാറി വന്ന സർക്കാരുകൾ തയാറായില്ല. താലൂക്കിലെ ഭൂ, വൈദ്യുതി, സ്വകാര്യ വനസംരക്ഷണ നിയമ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ഡിഎംകെ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അധികാരം ലഭിച്ചപ്പോൾ ഇതെല്ലാം മറന്നു. താലൂക്കിൽ 10,000 ഓളം വീടുകൾക്ക് വൈദ്യുതി കണക്ഷൻ നൽകിയിട്ടില്ല. ഈ വീടുകളിലെ കുട്ടികൾ പഠിക്കുന്നത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ്. ഇക്കാര്യങ്ങൾ വിശദീകരിച്ചാണ് നിവേദനം.