പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തം: മൈക്രോപ്ലാൻ പ്രവർത്തനം ഇന്ന് തുടങ്ങും
1486402
Thursday, December 12, 2024 2:49 AM IST
കൽപ്പറ്റ: സംസ്ഥാനം സാക്ഷിയായ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ കുടുംബങ്ങളുടെ കണ്ണീരൊപ്പി ഇവർക്കായി തയാറാക്കിയ മൈക്രോ പദ്ധതി പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. ദുരന്തബാധിതരായ കുടുംബങ്ങളെ നേരിൽ കണ്ട് ആവശ്യങ്ങളും അത്യാവശ്യങ്ങളും ചേദിച്ചറിഞ്ഞാണ് ജില്ലാ ഭരണകൂടം സൂഷ്മതല പഠനത്തിലൂടെ മൈക്രോ പ്ലാൻ തയാറാക്കിയത്.
മൈക്രോ പ്ലാൻ പ്രവർത്തന ഉദ്ഘാടനം കുടുംബശ്രീ ധനസഹായ വിതരണവും ഇന്ന് രാവിലെ 10ന് മേപ്പാടി എംഎസ്എ ഹാളിൽ തദ്ദേശ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. പട്ടികജാതി പട്ടികവർഗ ക്ഷേമ മന്ത്രി ഒ.ആർ. കേളു ചടങ്ങിൽ അധ്യക്ഷത വഹിക്കും. ടി. സിദ്ദിഖ് എംഎൽഎ കുടുംബശ്രീ പ്രത്യാശ ധനസഹായ വിതരണം, റിവോൾവിംഗ് ഫണ്ട് വിതരണം എന്നിവ നടത്തും. പ്രിയങ്കാ ഗാന്ധി എംപി മുഖ്യാതിഥിയാകും.
വ്യവസായ വകുപ്പിന്റെ ധനസഹായം ഐ.സി. ബാലകൃഷ്ണൻ എംഎൽഎയും സാമൂഹ്യ നീതിവകുപ്പിന്റെ ധനസഹായം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും നിർവഹിക്കും. തദ്ദേശ സ്വയംഭരണ സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ കുടുംബശ്രീ പ്രത്യാശ റിപ്പോർട്ട് അവതരിപ്പിക്കും. എൽഎസ്ജിഡി പ്രിൻസിപ്പൽ ഡയറക്ടർ ശീറാം സാംബശിവറാവു തദ്ദേശ സ്വയം ഭരണ ആക്ഷൻ പ്ലാൻ അവതരിപ്പിക്കും. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ കുടുംബശ്രീ ആക്ഷൻ പ്ലാൻ അവതരിപ്പിക്കും.
മേപ്പാടിപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ കോട്ടപ്പടി, വെള്ളാർമല, തൃക്കൈപ്പറ്റ വില്ലേജുകളെയാണു പ്രധാനമായും ഉരുൾപൊട്ടൽ ദുരന്തം ബാധിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ മിഷൻ തയാറാക്കിയ മൈക്രോ പ്ലാൻ വിവരങ്ങൾ പ്രകാരം 1084കുടുംബങ്ങളിലായി 4636പേരെയാണ് ഈ ദുരന്തം നേരിട്ടോ അല്ലാതെയോ ബാധിച്ചത്. കുടുംബങ്ങളുടെ പുനരധിവാസത്തിനും അടിയന്തര സഹായം ലഭ്യമാക്കുന്നതിനുമാവശ്യമായ ആദ്യഘട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കിയിട്ടുണ്ട്.
സർക്കാരിന്റെ താത്കാലിക പുനരധിവാസത്തിൽ കഴിയുന്ന ഈ കുടുംബങ്ങളുടെ ജീവിതാവസ്ഥ അതിവേഗം മെച്ചപ്പെട്ട സ്ഥിതിയിലേക്ക് എത്തിക്കുക എന്നതാണു ഇനിയുള്ള ഘട്ടം. ഇതിനായി ഓരോ കുടുംബങ്ങളുടെയും വിവിധ മേഖലകളിലെ വിടവുകൾ കണ്ടെത്തി ആവശ്യങ്ങൾക്കനുസരിച്ച് വിവിധ വകുപ്പുകളും ഏജൻസികളുമായും സംയോജിപ്പിച്ച് മൈക്രോ പ്ലാൻ തയാറാക്കി നടപ്പാക്കുക എന്നതാണ് വിവര ശേഖരണത്തിലൂടെ ലക്ഷ്യമിടുന്നത്.
അതിജീവനത്തിനൊരു മാർഗരേഖ
ഓരോ കുടുംബത്തിന്റെയും നിലവിലുള്ള പ്രതിസന്ധികളും ആവശ്യങ്ങളും പഠന വിധേയമാക്കി. പരിഹാര നടപടികളും ഇടപെടലുകളും ഇതിനായി വേണ്ടി വരുന്ന ചെലവും സമയക്രമവും ഉൾപ്പെടെ മൈക്രോ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ഉപജീവനം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളിൽ ദുരന്തബാധിത കുടുംബങ്ങളുടെ ആവശ്യങ്ങളെ മൈക്രോ പ്ലാനിന്റെ ഭാഗമായി സൂക്ഷ്മതലത്തിൽ വിലയിരുത്തിയിരുന്നു.
ദുരന്തത്തിനിരയായ 1084 കുടുംബങ്ങളിലെ 4636 പേരെയും ഉൾപ്പെടുത്തി ഇരുടെ ആവശ്യങ്ങളെ സമഗ്രമായി വിലയിരുത്തി പരിഹാരം കണ്ടെത്താനുതകുന്ന രീതിയിലാണ് മൈക്രോ പ്ലാനുകൾ തയാറാക്കിയിട്ടുളളത്. ഹ്രസ്വകാലം, ഇടക്കാലം, ദീർഘ കാലം എന്നീ രീതിയിൽ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനാവശ്യമായ അതിജീവന ഉപജീവന ആവശ്യങ്ങൾ മൈക്രോ പ്ലാനിലൂടെ നിറവേറ്റും.
ആവശ്യങ്ങൾ വേഗത്തിൽ നിറവേറ്റും
ആരോഗ്യം, പോഷകാഹാരം, ഉപജീവനം, നൈപുണി വികസനം, വിദ്യാഭ്യാസം എന്നീ മേഖലകളിലായി ആകെ 5987 സേവനങ്ങൾ ദുരന്തമേഖലയിലെ കുടുംബങ്ങളുടെ ആവശ്യങ്ങളായി കണ്ടെത്തിയത്. സമഗ്രവും ആധികാരികവുമായ ഈ രേഖയ്ക്ക് ജില്ലാ ആസൂത്രണ സമിതിയുടെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ട്.
അതിജീവിതർക്ക് എത്രയും വേഗം ഉപജീവന മാർഗങ്ങൾ ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾക്കാണ് അടിയന്തര പ്രാധാന്യം നൽകുന്നത്. ഇതിനായി വിവിധ വകുപ്പുകൾക്ക് കീഴിൽ നിലവിലുള്ള ഹ്രസ്വകാല പദ്ധതികൾ പ്രയോജനപ്പെടുത്തും.
ആവശ്യമെങ്കിൽ പുതിയ പദ്ധതികൾ തയ്യാറാക്കുന്നതിന് വകുപ്പുകൾക്ക് നിർദേശവും നൽകും. സമയബന്ധിതമായി പദ്ധതി നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും പദ്ധതി നിർവഹണ യൂണിറ്റും തുടങ്ങും.