ഗന്ധകശാല നെൽകൃഷിയിൽ നിന്നു ചേകാടിയിലെ കർഷകർ പിൻമാറുന്നു
1485610
Monday, December 9, 2024 6:24 AM IST
പുൽപ്പള്ളി: പ്രോത്സാഹന പദ്ധതികളില്ലാത്തതിനാൽ സുഗന്ധനെല്ലിനമായ ഗന്ധകശാല നെൽകൃഷിയെ കർഷകർ കൈവിടുന്നു. ജില്ലയിൽ ഏറ്റവുമധികം ഗന്ധകശാല കൃഷി ചെയ്യുന്ന പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ ചേകാടിയിൽ ഇത്തവണ ഗന്ധകശാല കൃഷി പകുതിയിലേറെ കുറഞ്ഞു. സർക്കാർ സഹായപദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കിയില്ലെങ്കിൽ ഗന്ധകശാലകൃഷി ഇല്ലാതാകുന്ന കാലം വിദൂരമല്ലെന്നാണ് ചേകാടിയിലെ കർഷകർ ഒന്നടങ്കം പറയുന്നത്. ഗന്ധകശാല കൃഷി ആരംഭിക്കുന്നത് മുതൽ വിളവെടുപ്പ് കാലംവരെ നേരിടേണ്ടിവരുന്നത് ഒട്ടേറെ പ്രയാസങ്ങളാണെന്ന് കർഷകർ പറയുന്നു.
കതിരിടുന്നതിന് പിന്നാലെ നെല്ല് വീണ് പോകുന്നതിനാൽ വന്യമൃഗശല്യത്തെ അതിജീവിക്കുക ഉൾപ്പടെ പ്രയാസമാണ്. മാത്രമല്ല, നെല്ല് പാകമാകുന്നതോടെ അനുഭവപ്പെടുന്ന ഗന്ധം വന്യമൃഗങ്ങളെ ആകർഷിക്കുകയും ചെയ്യും. കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് ഗന്ധകശാല വിളവെടുക്കാൻ സാധിക്കില്ലെന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളി. സ്ത്രീ തൊഴിലാളികളാണ് ോഗന്ധകശാല വിളവെടുക്കാറുള്ളത്. സംസ്ക്കരണവും പ്രയാസമാണ്.
ഗന്ധകശാലയുടെ നെല്ലും പതിരും വേർതിരിക്കണമെങ്കിൽ പരിചയമുള്ളവർ വേണമെന്നതും പ്രതിസന്ധികളിലൊന്നാണ്. ഇത്തരത്തിൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിളവെടുപ്പ് സംസ്കരിച്ചാൽ പോലും വിപണിയിലെത്തിച്ചാൽ ന്യായമായ വില ലഭിക്കില്ലെന്നും കർഷകർ പറയുന്നത്. ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാലാണ് കർഷകർ ഗന്ധകശാല കൃഷി ചെയ്യുന്നതിൽ നിന്നും പിൻവാങ്ങുന്നത്.