മുപ്പത് ഭവനങ്ങൾ പൂർത്തീകരിച്ച് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി
1485762
Tuesday, December 10, 2024 4:58 AM IST
കൽപ്പറ്റ: 30 ആദിവാസി വിഭാഗത്തിൽപെട്ട കുടുബങ്ങളുടെ ഭവനങ്ങൾ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പൂർത്തീകരിച്ചു.
സാന്പത്തിക പോരായ്മ മൂലവും കരാറുകാരാൽ വഞ്ചിക്കപ്പെട്ടും ഭവനങ്ങളുടെ പണി പൂർത്തിയാക്കാൻ സാധിക്കാതെ താത്കാലികമായി നിർമിച്ച ഷെഡ്ഡുകളിൽ വർഷങ്ങളായി താമസിച്ചുവന്നിരുന്നവരുടെ ഭവനങ്ങളുടെ നിർമാണമാണ് പൂർത്തിയാക്കിയത്.
സൗത്ത് അമേരിക്കൻ രാജ്യമായ ചിലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെലാവിപ് എന്ന വികസന ഏജൻസിയുമായി സഹകരിച്ചാണ് എടവക, തവിഞ്ഞാൽ എന്നീ പഞ്ചായത്തുകളിലെ 30 ഭവനങ്ങളുടെ നിർമാണം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പൂർത്തീകരിച്ചത്. വിവിധ തരത്തിലുള്ള നിർമാണ പ്രവർത്തികളാണ് നടപ്പാക്കിയത്. ചില വീടുകളുടെ പ്ലാസ്റ്ററിംഗ് ജോലി, കുറച്ച് വീടുകളുടെ ഫ്ളോർ ടൈൽ ഇടൽ, ഒരു വീടിന്റെ അടുക്കള, ചിലവീടുകളുടെ വയറിംഗ്, പ്ലംബിംഗ് അടക്കമുള്ള പണികളാണ് പൂർത്തീകരിച്ചത്.
ഈ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം 14ന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ പട്ടികജാതി പട്ടികവർഗ വികസന മന്ത്രി ഒ.ആർ. കേളു നിർവഹിക്കും. ആറുമാസം കൊണ്ടാണ് ഭവനങ്ങളുടെ നിർമാണം പൂർത്തീകരിച്ചത്. വയനാട്ടിൽ അറിയപ്പെടുന്ന കെട്ടിട നിർമാണ കന്പനിയായ ടെക്റ്റികോണ് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഭവന നിർമാണം സമയ ബന്ധിതമായി പൂർത്തീകരിച്ചത്.
പദ്ധതി പ്രവർത്തങ്ങൾക്ക് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, പ്രോജക്ട് കോഓർഡിനേറ്റർ ദീപു ജോസഫ് എന്നിവർ നേതൃത്വം നൽകി. വരുന്ന സാന്പത്തിക വർഷം 40 ശുചിമുറികൾ നിർമിക്കാൻ സെലാവിപ് സാന്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്.