വടക്കനാട് ആയുഷ്മാൻ ആരോഗ്യമന്ദിരം കേന്ദ്ര സംഘം സന്ദർശിച്ചു
1485342
Sunday, December 8, 2024 5:53 AM IST
കൽപ്പറ്റ: നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രം പരിധിയിൽ പ്രവർത്തിക്കുന്ന വടക്കനാട് ആയുഷ്മാൻ ആരോഗ്യ മന്ദിരത്തിൽ ഗുണനിലവാര പരിശോധനയുടെ ഭാഗമായി കേന്ദ്ര സംഘമെത്തി.
കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച തമിഴ്നാട്ടിൽനിന്നുള്ള ഡോ.ആർ. വെങ്കിടേഷ്, കർണാടകയിൽനിന്നുള്ള ഡോ. മൃണാളിനി യാദവ് എന്നിവരാണ് വടക്കാട് എത്തിയത്.
വയോജനങ്ങളുടെയും പാലിയേറ്റീവ് രോഗികളുടെയും പരിചരണം, ഡ്രഗ്സ് ആൻഡ് ഡയഗ്നോസ്റ്റിക്സ്, പ്രഗ്നൻസി ആൻഡ് ചൈൽഡ് ബർത്ത് കെയർ, നിയോനാറ്റൽ ആൻഡ് ഇൻഫന്റ് ഹെൽത്ത് സർവീസസ്, ചൈൽഡ്ഹുഡ് ആൻഡ് അഡോളസന്റ് ഹെൽത്ത് സർവീസസ്, കുടുംബാസൂത്രണം, പകർച്ചവ്യാധി പ്രതിരോധം, പകർച്ചേതരവ്യാധി പ്രതിരോധം എന്നിങ്ങനെ എട്ടു പാക്കേജുകളിലായിരുന്നു പരിശോധന. ചെക്ക്ലിസ്റ്റ് അനുസരിച്ച് കേന്ദ്രത്തിലെ സൗകര്യങ്ങൾ വിലയിരുത്തിയ സംഘം ജീവനക്കാർ, രോഗികൾ, ഹാംലറ്റ് ആശമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
സംഘത്തെ നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. എച്ച്ഡബ്ല്യുസി പരിധിയിലെ വാർഡ് അംഗങ്ങളായ അഖില എബി, ജയചന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. ദിനീഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സമീഹ സെയ്തലവി, ജില്ലാ ക്വാളിറ്റി നോഡൽ ഓഫീസർ ഡോ.ദാഹർ മുഹമ്മദ്, ഡോ. ദിവ്യ എം. നായർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.യു. ഷാജഹാൻ, പിഎച്ച്എൻ കെ.എ. ഉഷ,ജെഎച്ച്ഐ എ.വി. സനിൽ, ജെപിഎച്ച്എൻ അനീറ്റ പോൾ, അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർമാരായ അഖില വിനോദൻ, സി.വി. സൗമ്യ, എംഎൽഎസ്പി ലിജിമോൾ ജോസഫ് എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.