‘തൊഴിലിടങ്ങളിലെ മാനസികസമ്മർദം’: പഠനത്തിന് വിധേയമാക്കും
1486262
Wednesday, December 11, 2024 7:53 AM IST
കൽപ്പറ്റ: തൊഴിലിടങ്ങളിലെ സമ്മർദത്തെത്തുടർന്നു യുവജനത നേരിടുന്ന മാനസികപ്രശ്നങ്ങളും ആത്മഹത്യാപ്രവണതയും ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുമെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ജില്ലാതല അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ മേഖലയിൽ ചെറുപ്പക്കാർ നേരിടുന്ന സമർദം ലഘൂകരിക്കുകയാണ് പഠന ലക്ഷ്യം. ഐടി, ടെക്സ്റ്റയിൽസ് ഉൾപ്പെടെ മേഖലകൾ കേന്ദ്രീകരിച്ചായിരിക്കും പഠനം.
അഞ്ചംഗ വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ എംഎസ്ഡബ്ല്യു, സൈക്കോളജി വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി വിവരങ്ങൾ ക്രോഡീകരിക്കും. 2025 ആദ്യപകുതിയോടെ പഠനം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
യുവജനതയുടെ മാനസിക ആരോഗ്യ മേഖല സംബന്ധിച്ച് കമ്മീഷന്റെ നേതൃത്വത്തിൽ നടത്തിയ ഒന്നാംഘട്ട പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അഞ്ച് വർഷത്തിനകം നടന്ന 895 ആത്മഹത്യാകേസുകളാണ് പഠനത്തിന് വിധേയമാക്കിയത്. വിവിധ ജില്ലകളിൽനിന്നുള്ള 200 ഓളം എംഎസ്ഡബ്ല്യു വിദ്യാർഥികളാണ് പഠനത്തിന്റെ ഭാഗമായി പ്രവർത്തിച്ചത്. വിദേശ രാജ്യങ്ങളിൽ ജോലിക്കും പഠനത്തിനും പോകുന്നവർ നിയമ വശങ്ങളറിയാതെ വിവിധ സ്ഥാപനങ്ങൾക്ക് പണം നൽകി വഞ്ചിതരാവുന്ന സംഭവങ്ങൾ വർധിക്കുകയാണ്. വിദേശത്ത് പോകുന്നവരും രക്ഷിതാക്കളും സ്ഥാപനങ്ങൾക്ക് പണം നൽകുന്പോൾ ജാഗ്രതപാലിക്കണമെന്നു ചെയർമാൻ പറഞ്ഞു.
യുവജനങ്ങളുടെ അവകാശ നിഷേധം, വിദ്യാഭ്യാസം, വിദ്യാഭ്യാസ വായ്പ, പോലീസ്, തൊഴിൽ സ്ഥാപനങ്ങൾ, പിഎസ്സി റാങ്ക് പട്ടിക എന്നിവയുമായി ബന്ധപ്പെട്ട 19 പരാതികൾ അദാലത്തിൽ പരിഗണിച്ചു. എട്ട് പരാതികൾ തീർപ്പാക്കി. 11 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. കമ്മീഷൻ അംഗങ്ങളായ കെ. റഫീഖ്, പി.സി. ഷൈജു, പി. അനിഷ, പി.പി. രണ്‍ദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്കറിയ, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവർ പങ്കെടുത്തു.