ചേകാടിയിലെ സ്റ്റഡ്ഫാം പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു: കോണ്ഗ്രസ്
1486255
Wednesday, December 11, 2024 7:53 AM IST
പുൽപ്പള്ളി: ചേകാടിയിലെ സ്റ്റഡ്ഫാം പ്രവർത്തനം പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, കോണ്ഗ്രസ് നേതാക്കളായ എൻ.യു. ഉലഹന്നാൻ, പി.ഡി. ജോണി, റെജി പുളിങ്കുന്നേൽ, സി.പി. കുര്യാക്കോസ്, രാജു തോണിക്കടവ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സ്റ്റഡ്ഫാമിനായി നടത്തിയ നിർമാണങ്ങൾ വേണ്ടിവന്നാൽ ജനപങ്കാളിത്തത്തോടെ പൊളിച്ചുമാറ്റുമെന്ന് അവർ മുന്നറിയിപ്പ് നൽകി. കൃഷിവകുപ്പും പഞ്ചായത്തും സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും സ്റ്റഡ്ഫാം പ്രവർത്തനവുമായി ഉടമകൾ മുന്നോട്ടുപോകുകയാണ്. സ്റ്റഡ് ഫാമിനടുത്തുകൂടിയുള്ള തോട്ടിലെ വെള്ളം കുതിരകളുടെ വിസർജ്യം കലർന്ന് മലിനമായി. ഇത് പ്രദേശവാസികൾക്ക് പ്രയാസം സൃഷ്ടിക്കുകയാണ്. അനേകം ആളുകൾ കുളിക്കാനും വസ്ത്രം കഴുകാനും ഉപയോഗിക്കുന്നത് തോട്ടിലെ വെള്ളമാണ്. ചേകാടി നിവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അനുമതിയില്ലാതെ നടത്തുന്ന നിർമാണത്തിനു പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയത്. നിർമാണം സംബന്ധിച്ച പരാതി പഞ്ചായത്ത് ജില്ലാ കളക്ടർക്കു നൽകുകയുമുണ്ടായി. കൃഷിയോഗ്യമായ വയലിൽ നടക്കുന്ന നടക്കുന്ന നിർമാണം തടയുമെന്നു കളക്ടറുടെ ഉറപ്പുനൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഭരണകക്ഷിയിലെ ഉന്നതരുടെ ഒത്താശയോടെയാണ് സ്റ്റഡ് ഫാം പ്രവർത്തനം. എന്നിരിക്കേ പഞ്ചായത്ത് കാര്യാലയത്തിനു മുന്നിൽ സിപിഎം നടത്തിയ സമരം അപഹാസ്യമാണെന്നു കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു.