മനുഷ്യാവകാശ ദിനം: ഗാന്ധിജി കൾച്ചറൽ സെന്റർ സെമിനാർ നടത്തി
1486399
Thursday, December 12, 2024 2:49 AM IST
മാനന്തവാടി: മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധിജി കൾച്ചറൽ സെന്റർ ഓഫീസേഴ്സ് ക്ലബിൽ ’മനുഷ്യാവകാശം’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ബത്തേരി ഡയറ്റ് മുൻ പ്രിൻസിപ്പൽ ഡോ.പി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ലോകത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഗാന്ധിയൻ ദർശനങ്ങൾക്കുമാത്രമേ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്ക് ലോകത്തെ നയിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു സഹായിക്കുന്ന വികസന പദ്ധതികൾ നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കഴിയാതെപോകുന്നത് ദൗർഭാഗ്യകരമാണെന്നു ഡോ.ലക്ഷ്മണൻ അഭിപ്രായപ്പെട്ടു.
സെന്റർ ചെയർമാൻ കെ.എ. ആന്റണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിഷയാവതരണം നടത്തി. ദേശീയ മനുഷ്യാവകാശ ഫോറം ജില്ലാ പ്രസിഡന്റ് സുലോചന രാമകൃഷ്ണൻ, വിത്സണ് നെടുംകൊന്പിൽ, അഡ്വ.ജോർജ് വാത്തുപറന്പിൽ, ജോസ് പുന്നകുഴി, ബേബി അത്തിക്കൽ, ജോർജ് കൂവയ്ക്കൽ, വി.എ. അഗസ്റ്റിൻ, വി.സി. ഏബ്രഹാം, പി. പ്രഭാകരൻ, അനീഷ് കണ്ണൻ, സജി ജോസഫ്, ഡോ.തരകൻ, ജോണ് ചക്കാലക്കുടിയിൽ, വി.എം. ജോസ്, വി.കെ. ശ്രീധരൻ, എം.കെ. സുകൃഷ്ണ,സുജ ബേബി എന്നിവർ പ്രസംഗിച്ചു.