ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് 12ന് കോണ്ഗ്രസ് മാർച്ച്
1485349
Sunday, December 8, 2024 5:53 AM IST
കൽപ്പറ്റ: ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 12ന് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് മാർച്ച് നടത്തും. പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതരോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവഗണയ്ക്കെതിരേ കളക്ടറേറ്റ് മാർച്ച് നടത്തിയ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് ക്രൂരമായി ലാത്തിച്ചാർജ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, എഐസിസി അംഗം പികെ. ജയലക്ഷ്മി, യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയി, കെപിസിസി അംഗം പി.പി. ആലി, നേതാക്കളായ അരുണ് ദേവ്, എൻ.കെ. വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10ന് പിണങ്ങോട് ജംഗ്ഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്യും. ആയിരത്തിലേറെ പ്രവർത്തകർ പങ്കെടുക്കും. യൂത്ത് കോണ്ഗ്രസ് നേതാക്കളെ ആസൂത്രിതമായി മർദിച്ചതിനെതിരേ ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു വൈകുന്നേരം അഞ്ചിന് നഗരത്തിൽ പോലീസിനെ പ്രതീകാത്മകമായി വിചാരണ ചെയ്യും.
പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്കൊപ്പമല്ല കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. രണ്ടു സർക്കാരുകളുടെയും മുൻഗണന മറ്റുപല കാര്യങ്ങളിലുമാണ്. പരസ്പരം പഴിചാരി കേന്ദ്ര, സംസ്ഥാന ഭരണാധികാരികൾ ക്രൂരവിനോദം നടത്തുകയാണ്. സത്യം മറച്ചുവച്ച് ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാരുകൾ ശ്രമിക്കുന്നത്.
ഉരുൾദുരിതബാധിതർക്കുവേണ്ടിമാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയത് 675 കോടി രൂപയാണ്. ഇതിൽ ഒരു രൂപ പോലും ചെലവഴിച്ചില്ല. കേന്ദ്രസർക്കാർ ദുരിന്തബാധിതരെ പൂർണമായും അവഗണിക്കുന്ന സാഹചര്യത്തിൽ ദുരിതാശ്വാസനിധിയിലെ തുക വിനിയോഗിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം.
രാജ്യത്ത് സമീപകാലത്തുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് പുഞ്ചിരിമട്ടത്ത് സംഭവിച്ചത്.
ഉരുൾപൊട്ടലിൽ മേപ്പാടി പഞ്ചായത്തിലെ രണ്ട് വാർഡുകൾ ഇല്ലാതായി. ദുരന്തം നടന്ന് നാലുമാസം കഴിഞ്ഞിട്ടും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കുന്നില്ല. ഇതിനെതിരേ ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള സർക്കാർ പദ്ധതിയാണ് യൂത്ത് കോണ്ഗ്രസ് മാർച്ചിൽ കണ്ടത്. ഉരുൾ ദുരന്തബാധിതരുടെ വേദനയും പ്രയാസങ്ങളും പൊതുസമൂഹം അറിയരുതെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്.
ഇതിനു തെളിവാണ് യൂത്ത് കോണ്ഗ്രസ് മാർച്ചിനു നേരേയുണ്ടായ പോലീസ് അതിക്രമം. യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്തതിൽ ഗൂഢാലോചനയുണ്ട്. ഡിവൈഎസ്പി, സിഐമാർ, ബാറ്റലിയൻ റിസർവിലെ ചില പോലീസുകാർ തുടങ്ങിയവർ ഇതിൽ പങ്കാളികളാണ്.
അതിക്രമത്തിനു നേതൃത്വം നൽകിയ പോലീസുകാരെ നിയമപരമായും രാഷ്ടീയമായും നേരിടുമെന്നും കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു.