ദുരന്ത ബാധിതർക്കായി മൈക്രോപ്ലാൻ പ്രവർത്തനം തുടങ്ങുന്നു
1485769
Tuesday, December 10, 2024 4:58 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിനിരയായവരുടെ അതിജീവന ഉപജീവനത്തിനായി തയാറായ മൈക്രോ പ്ലാനിന്റെ പ്രവർത്തന ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
12ന് രാവിലെ 10ന് മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പട്ടികജാതി പട്ടികവർഗ വികസന മന്ത്രി ഒ.ആർ. കേളു, എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ തുടങ്ങിയവർ പങ്കെടുക്കും. ദുരന്തബാധിതരുടെ അതിജീവനത്തിനായി സമഗ്രമായ മൈക്രോ പ്ലാനാണ് തയാറാക്കിയത്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാർഡുകളിലുള്ളവരെയാണ് ദുരന്തം പ്രധാനമായും സാരമായി ബാധിച്ചത്. മൈക്രോ പ്ലാൻ വിവരങ്ങൾ പ്രകാരം 1084 കുടുംബങ്ങളിലായി 4636 പേരെയാണ് ദുരന്തം നേരിട്ടോ അല്ലാതയോ ബാധിച്ചത്. ഈ കുടുംബങ്ങളുടെ അതിജീവനത്തിനും പുനരധിവാസത്തിനുമായി പദ്ധതികൾ തയാറാക്കുകയാണ് മൈക്രോ പ്ലാനിന്റെ ലക്ഷ്യം.
ദുരന്തബാധിതരുടെ ആദ്യഘട്ട അടിയന്തര പുനരധിവാസം ഉൾപ്പെടെയുള്ള പ്രവർത്തനം പൂർത്തിയായതാണ്. എല്ലാ കുടംബങ്ങളിലും സർവേ നടത്തിയാണ് മൈക്രോ പ്ലാൻ തയാറാക്കിയത്. വികേന്ദ്രീകൃത പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കുടുംബാധിഷ്ഠിത മൈക്രോ പ്ലാൻ തയാറാക്കുന്നതിനായി നോഡൽ ഏജൻസിയായി കുടുംബശ്രീയെയാണ് നിയോഗിച്ചത്. ദുരന്ത മേഖലയിലുണ്ടായിരുന്ന കുടുംബങ്ങളിലെ നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ കുടുംബത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും പഠിച്ച് അവ പരിഹരിക്കേണ്ടതിലേക്കായുള്ള നടപടികൾ കൈക്കൊള്ളാൻ മൈക്രോ പ്ലാൻവഴി സാധിക്കും.
കുടുംബങ്ങളുടെ ആവശ്യങ്ങൾ സൂഷ്മതലത്തിൽ വിലയിരുത്തി പരിഹാരം കാണും. അതിജീവന ഉപജീവന ആവശ്യങ്ങളിൽ ഇടപെടൽ നടത്താൻ സാധിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, വനിതാ, ശിശുക്ഷേമം, കൃഷി, മൃഗസംരക്ഷണം, വ്യവസായം, ലീഡ് ബാങ്ക്, പ്ലാനിംഗ്, തൊഴിലുറപ്പ് തുടങ്ങിയ വിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് മൈക്രോ പ്ലാൻ പ്രവർത്തന രേഖ തയാറാക്കിയത്.