വയനാട് കോണ്‍ക്ലേവും ഐഎൻഎസ് ചെയർമാന് ആദരവും നാളെ
1486252
Wednesday, December 11, 2024 7:52 AM IST
കൽപ്പറ്റ: വയനാട് പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സെക്രഡ് ഹാർട്ട് ചർച്ച് ജൂബിലി ഹാളിൽ വയനാട് കോണ്‍ക്ലേവ് നടത്തും.
ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി ചെയർമാനും "മാതൃഭൂമി’ മാനേജിഗ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്കുമാറിനെ ഇതോടനുബന്ധിച്ചുള്ള ചടങ്ങിൽ ആദരിക്കും. പുഞ്ചിരിമട്ടം ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ടൂറിസം-അനുബന്ധ മേഖലയിലുണ്ടായ മാന്ദ്യം അകറ്റുക, വയനാട് സുരക്ഷിതമാണെന്നു ലോകത്തെ അറിയിക്കുക, ജില്ലയുടെ വികസന സാധ്യതകൾ ചർച്ച ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്നു പ്രസ്ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ, സെക്രട്ടറി ജോമോൻ ജോസഫ്, ട്രഷറർ ജിതിൻ ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും.
ഡോ.എം.കെ. മുനീർ, ആനി രാജ, ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ഹാർവാർഡ് യൂണിവേഴ്സിറ്റി റാഡ്ക്ലിഫ് ഫെലോ ഡോ. വിനോദ് കെ. ജോസ്, കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, "ചന്ദ്രിക’ എഡിറ്റർ കമാൽ വരദൂർ, ന്യൂസ് മലയാളം ചാനൽ ഡയറക്ടർ ടി.എം. ഹർഷൻ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിന്റെ വിവസന ഭൂപടത്തിൽ വയനാടിന്റെ ഇടം, ജില്ലയിലെ ദളിത്-സ്തീപക്ഷ രാഷ്ട്രീയം, പ്രഫഷണൽ വിദ്യാഭ്യാസ രംഗത്ത് ജില്ലയിലെ സാധ്യതകളും വെല്ലുവിളികളും, പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ: അനുഭവങ്ങളും പാഠങ്ങളും, പ്രകൃതിദുരന്തസമയങ്ങളിൽ പ്രാദേശിക മാധ്യമങ്ങളുടെ പ്രസക്തി, വയനാടൻ വിനോദസഞ്ചാര മേഖല തുടങ്ങിയ വിഷയങ്ങൾ കോണ്‍ക്ലേവിൽ ചർച്ച ചെയ്യും. ഐഎൻഎസ് ചെയർമാനെ സ്പീക്കർ എ.എൻ. ഷംസീർ മെമന്റോ നൽകി ആദരിക്കും.