വൈദ്യുതി നിരക്ക് വർധനയ്ക്കെതിരേ പ്രതിഷേധം
1485345
Sunday, December 8, 2024 5:53 AM IST
ജനങ്ങളോടുള്ള
വെല്ലുവിളി:
എൻ.ഡി. അപ്പച്ചൻ
കൽപ്പറ്റ: വൈദ്യുതി നിരക്ക് വർധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പ്രസ്താവനയിൽ പറഞ്ഞു. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റംമൂലം ജനം ബുദ്ധിമുട്ടുന്നതിനിടെയാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. സർക്കാരിന്റെ പിടിപ്പുകേടാണ് ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവരെപോലും ഒഴിവാക്കാതെ വൈദ്യുതി ചാർജ് വർധിപ്പിക്കാനിടയാക്കിയത്. യാതൊരു നീതീകരണവുമില്ലാതെ ജനങ്ങളെ പറഞ്ഞുപറ്റിച്ച് മുന്നോട്ടുപോകുകയാണ് പിണറായി സർക്കാർ.
പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിതരോടുള്ള സർക്കാർ അവഗണന ക്രൂരമാണ്. ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കാക്കണം. ഉരുൾപൊട്ടൽ തീവ്ര ദുരന്തമായി കണക്കാക്കി സംസ്ഥാനത്തിനു സാന്പത്തിക സഹായം അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ വിമുഖത കാട്ടുകയാണ്. ഇത് പുനരധിവാസ പദ്ധതി നിർവഹണം വൈകാൻ ഇടയാക്കരുത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഉള്ളത് ഉൾപ്പെടെ തുക ഉപയോഗിച്ച് പുനരധിവാസത്തിന്റെ പ്രാരംഭ നടപടികളിലേക്ക് സർക്കാർ കടക്കണം. സമീപകാലത്ത് ലഭിക്കാനിടയില്ലാത്ത ഭൂമിയുടെ പേരിൽ പുനരധിവാസം നീട്ടിക്കൊണ്ടുകൊണ്ടുപോകുന്നത് അനീതിയാണെന്നും അപ്പച്ചൻ പറഞ്ഞു.
പന്തം കൊളുത്തി
പ്രകടനം നടത്തി
കൽപ്പറ്റ: വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി നഗരത്തിൽ പ്രകടനവും യോഗവും നടത്തി. കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. വൈദ്യുതി ചാർജ് വർധിപ്പിച്ചതിൽ ഒരു ന്യായീകരണവും ഇല്ലെന്നും വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനത്തിന് ഇരുട്ടടിയാണ് നിരക്ക് വർധനയെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. കെ.കെ. രാജേന്ദ്രൻ, എസ്. മണി, ഇ.വി. ഏബ്രഹാം, ഡിന്േറാ ജോസ്, സെബാസ്റ്റ്യൻ കൽപ്പറ്റ, പി. രാജാറാണി, മുഹമ്മദ് ഫെബിൻ, രമ്യ ജയപ്രസാദ്, സുനീർ ഇത്തിക്കൽ,പി.ആർ. ബിന്ദു, കെ. ശശികുമാർ, കെ.ജി. രവീന്ദ്രൻ, എം.പി. മജീദ്, ഷേർളി ജോസ് എന്നിവർ പ്രസംഗിച്ചു.