ഉത്തരവ് ലംഘിച്ച് ഹെൽത്ത് സെന്ററില്‍ സിനിമാ ചിത്രീകരണം; ആരോഗ്യവകുപ്പിന് പരാതി നല്‍കും
1507709
Thursday, January 23, 2025 5:16 AM IST
കോഴിക്കോട്: മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് ലംഘിച്ച് കോഴിക്കോട് ചെറൂപ്പ ഗവ. ഹെൽത്ത് സെന്ററില്‍ സിനിമാ ചിത്രീകരണം. ആശുപത്രിയിലെത്തിയ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലായിരുന്ന ചിത്രീകരണം നടന്നത്.
ആശുപത്രികൾ കേന്ദ്രീകരിച്ച് സിനിമ ചിത്രീകരണം പാടില്ലെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. ഇത് മറികടന്നാണ് രണ്ടു ദിവസത്തെ ചിത്രീകരണത്തിന് അനുവാദം നൽകിയത്. ആദ്യ ദിവസം രോഗികൾക്ക് ബുദ്ധിമുട്ടുണ്ടായില്ലെങ്കിലും കഴിഞ്ഞ ദിവസം അതായിരുന്നില്ല സ്ഥിതിയെന്ന് ഇവിടെ എത്തിയ രോഗികള്‍ പറയുന്നു.
ആരോഗ്യമന്ത്രിക്കും മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം. കോഴിക്കോട് മെഡിക്കൽ കോളജിന് കീഴിലാണ് ചെറൂപ്പ ഹെൽത്ത് സെന്റർ. എന്നാൽ സിനിമാ ചിത്രീകരണം കാരണം രോഗികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മനുഷ്യാവകാശ കമ്മിഷന് ജുഡീഷൽ അംഗം കെ. ബൈജുനാഥ് നിർദേശം നല്കി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഫെബ്രുവരി 28-ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.പനി ബാധിച്ച മകളുമായി ചെറൂപ്പ ഹെൽത്ത് സെന്ററിലെത്തിയ പിതാവാണ് പരാതിക്കാരൻ. ഡോക്ടറെ കാണിച്ച ശേഷം രക്ത പരിശോധനയ്ക്കായി ലാബിലെത്തിയ തനിക്ക് സിനിമാ നടിമാരെയാണ് കാണേണ്ടി വന്നതെന്ന് പിതാവായ സുഗതൻ പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോൾ രക്തം പരിശോധിക്കാൻ ജീവനക്കാരെത്തിയതായും പരാതിക്കാരൻ അറിയിച്ചു.