എംപി ലാഡ്സ് പദ്ധതികള്‍: ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ വലിയ പുരോഗതിയെന്ന്
1497324
Wednesday, January 22, 2025 5:52 AM IST
കോഴിക്കോട്: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് (എംപി ലാഡ്സ്) ഉപയോഗിച്ച് ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ വലിയ പുരോഗതിയുള്ളതായി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു.
ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എംപി ലാഡ്സ് പദ്ധതികളുടെ പുരോഗതി അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പദ്ധതികളുടെ പുരോഗതി വിലയിരുത്താനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമായി പ്രധാനപ്പെട്ട പദ്ധതികള്‍ നേരിട്ട് സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതികള്‍ സന്ദര്‍ശിക്കുന്നത് രണ്ടാഴ്ചക്കുള്ളില്‍ ആരംഭിക്കും.
പ്രാദേശികമായി പ്രശ്നം നേരിടുന്ന പദ്ധതികളില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിച്ച് മുന്നോട്ടുപോകണം. ജനങ്ങള്‍ക്കുവേണ്ടിയാണ് പദ്ധതികളെല്ലാം. ഈ ചിന്തയോടെ വേണം അവയെ സമീപിക്കാന്‍. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമ്പോള്‍ ജനങ്ങള്‍ക്കാണ് ഗുണം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എംപിമാരായ എം.കെ. രാഘവന്, രാഹുല്‍ ഗാന്ധി, പി.ടി. ഉഷ, ജോസ് കെ. മാണി, അഡ്വ. ജെബി മേഥര്‍, പി.വി.അബ്ദുള്‍ വഹാബ്, മുന്‍ എംപിമാരായ എളമരം കരീം, കെ. മുരളീധരന്, ബിനോയ് വിശ്വം തുടങ്ങിയവരുടെ എംപി ലാഡ്സ് ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള വിവിധ പദ്ധതികളാണ് യോഗം വിലിരുത്തിയത്.
യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സി.പി. സുധീഷ്, വിവിധ തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.